സംസ്ഥാന സര്‍ക്കാരിന്റെ കായകല്‍പം അവാര്‍ഡ് കരസ്ഥമാക്കിയതിന് പിന്നാലെ വീണ്ടും അംഗീകാരത്തിന്റെ പൊന്‍തിളക്കവുമായി കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ കേന്ദ്രങ്ങളുടെ നിലവാരം അളക്കുന്ന നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേഡ് സര്‍ട്ടിഫിക്കേഷനില്‍ 99 ശതമാനം മാര്‍ക്കോടെ രാജ്യത്തെ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രമായി കയ്യൂര്‍ എഫ്എച്ച്‌സിയെ തെരഞ്ഞെടുത്തു. ആരോഗ്യസേവന ഗുണനിലവാരത്തില്‍ ഇന്ത്യയില്‍ തന്നെ പ്രഥമ സ്ഥാനമാണ് സ്ഥാപനത്തിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. രോഗീ-സൗഹൃദവും മറ്റ് വന്‍കിട സ്വകാര്യാശുപത്രികളോട് കിടപിടിക്കുന്നതുമായ അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്. പത്ത് പേര്‍ക്ക് ചികിത്സ ലഭ്യമാക്കാവുന്ന തരത്തില്‍ ആധുനിക രീതിയലാണ് ഒബ്‌സര്‍വേഷന്‍ റൂം സജ്ജീകരിച്ചിരിക്കുന്നത്.
മികച്ച ഫാര്‍മസി, നൂതനമായ ലാബ്  സൗകര്യം, ഫിസിയോ തെറാപ്പി, ഒപി ചികിത്സ, മെച്ചപ്പെട്ട നിരീക്ഷണ മുറികള്‍, ശിശു സൗഹൃദ രോഗപ്രതിരോധ കുത്തി വയ്പ്പ് മുറി, മികച്ച പാലിയേറ്റീവ് പരിചരണം തുടങ്ങിയവ ഈ ആരോഗ്യകേന്ദ്രത്തിന്റെ പ്രധാന നേട്ടങ്ങളാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, രോഗ നിരീക്ഷണം, ദേശീയ ആരോഗ്യ പരിപാടികള്‍ തുടങ്ങിയവ മികച്ച രീതിയില്‍ സംഘടിപ്പിച്ചു വരുന്നു. ശാസ്ത്രീയ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, മഴവെള്ള സംഭരണി, സോളാര്‍ പവര്‍, ആകര്‍ഷകമായ ആശുപത്രി കോംപൗണ്ട്, രോഗികള്‍ക്ക് ആവശ്യമായ വിശ്രമ സ്ഥലം, റീഡിങ് കോര്‍ണര്‍, ശുദ്ധജല ലഭ്യത, ഹെര്‍ബല്‍ ഗാര്‍ഡന്‍, ജൈവ പച്ചക്കറി കൃഷി, എന്നിവയെല്ലാം കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സവിശേഷതയാണ്. മൂന്ന് ഡോക്ടര്‍മാര്‍, നാല് നഴ്‌സുമാര്‍, സ്ത്രീ പുരുഷ വിഭാഗത്തില്‍ നിന്നായി ഓരോ ഹെല്‍ത്ത് ഇന്‍സ്‌പെകടര്‍മാര്‍ ഇവരുടെ കീഴില്‍ 13 ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് ഫാര്‍മസിസ്റ്റ്, ഒരു ലാബ് അസിസ്റ്റന്റ്, കൂടാതെ പത്തോളം കരാര്‍ ജീവനക്കാര്‍ എന്നിങ്ങനെ 45 ഓളം ജീവനക്കാരാണ് ഈ ആരോഗ്യകേന്ദ്രത്തിനെ ദേശീയ നേട്ടം കൈവരിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.
1971ല്‍ റൂറല്‍ ഡിസ്‌പെന്‍സറിയായി ആരംഭിച്ച സ്ഥാപനം പിന്നീട് പ്രാഥമികാരോഗ്യ കേന്ദ്രമായും 2017 ഡിസംബറില്‍ കുടുംബാരോഗ്യ കേന്ദ്രവുമായും ഉയര്‍ത്തപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ കേന്ദ്രത്തിന് മികച്ച കെട്ടിട സൗകര്യം ലഭിച്ചു. പ്രതിദിനം 125 ഓളം രോഗികളാണ് ഇവിടെയെത്തുന്നതെന്നും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ ഇരുപത്തിയേഴായിരത്തോളം വരുന്ന ജനങ്ങളുടെ പ്രധാന ആശ്രയമാണ് ഈ കുടുംബാരോഗ്യ കേന്ദ്രമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി വി അരുണ്‍ പറഞ്ഞു. പൊതു സമൂഹത്തിന്റെയും വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും കൂട്ടായ പരിശ്രമത്തിന്റെയും പിന്തുണയുടെയും ഫലമായാണ് ദേശീയാംഗീകാരം ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.