വൈദ്യുതി മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കെതിരേ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജില്ലയില്‍ മേയ് 1 മുതല്‍ 7 വരെ വൈദ്യുതി സുരക്ഷാ വാരമായി ആചരിക്കും. ജില്ലാതല ഉദ്ഘാടനം മേയ് മൂന്നിന് രാവിലെ 10.30ന് കളകട്‌റേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു നിര്‍വഹിക്കും. വാരാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
അശ്രദ്ധ, അലംഭാവം, അറിവില്ലായ്മ തുടങ്ങിയവ മൂലമുണ്ടാകുന്ന വൈദ്യുതി അപകടങ്ങളെ കുറിച്ചും വൈദ്യുതി സുരക്ഷാ മുന്‍കരുതലുകളെ സംബന്ധിച്ചും പൊതു ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് വാരാചരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഒ.കെ ആര്യ പറഞ്ഞു. വൈദ്യുതാപകടങ്ങളോ അപകടസാഹചര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കെഎസ്ഇബി എമര്‍ജെന്‍സി സെല്ലിന്റെ 9496061061 എന്ന നമ്പറില്‍ അറിയിക്കണം.
വൈദ്യുതി അപകടങ്ങള്‍ക്കെതിരേ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍
വയറിലും വൈദ്യുതി ഉപകരണങ്ങളിലും ചോര്‍ച്ച മൂലം ഉണ്ടായേക്കാവുന്ന അപകടം ഒഴിവാക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍ (ഇഎല്‍സിബി) മെയിന്‍ സ്വിച്ചിനോടനുബന്ധിച്ച് സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക
v  വയറിങ് പ്രവര്‍ത്തികള്‍ക്ക് ഐഎസ്‌ഐ മുദ്രയുള്ളതോ തത്തുല്യമായ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം ഉപയോഗിക്കുക
v ലൈസന്‍സും പ്രായോഗിക പരിജ്ഞാനവുമുള്ളവരെ കൊണ്ടുമാത്രം വയറിങിലെ അറ്റകുറ്റപ്പണികള്‍ നടത്തുക
v വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ അശ്രദ്ധയോടെ ഉപയോഗിക്കരുത്
v തീയണക്കുന്നതിന് വൈദ്യുതി ലൈനിലോ ഉപകരണങ്ങളിലോ വെള്ളം കോരി ഒഴിക്കരുത്. ഉണങ്ങിയ മണ്ണ്, ഡ്രൈ പൗഡര്‍ മുതലയാവ ഉപയോഗിക്കുക.
v വൈദ്യുതി ലൈനുകള്‍ക്കു സമീപത്തുള്ള മരങ്ങള്‍ വെട്ടിമാറ്റുക, ഇതിനായുള്ള വൈദ്യുതി അധികൃതരുടെ പ്രക്രിയയുമായി സഹകരിക്കുക
v വൈദ്യുത ലൈനിനടിയിലൂടെ പരിധിയില്‍ കവിഞ്ഞ ഉയരത്തില്‍  സാധന സാമഗ്രികള്‍ കയറ്റിയ വാഹനങ്ങള്‍ കടന്നു പോകരുത്
v ഷോക്ക് മൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പര്‍ശിക്കാവൂ. വൈദ്യുതാഘാതമേല്‍ക്കുന്ന വ്യക്തിയെ ഉണങ്ങിയ തടിക്കഷ്ണം കൊണ്ടോ വൈദ്യുത വാഹിയല്ലാത്തതും ഈര്‍പ്പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുതി ബന്ധത്തില്‍ നിന്നും വേര്‍പ്പെടുത്തുക
v വസ്ത്രങ്ങള്‍ ഉണക്കുന്നതിന് വേണ്ടി വൈദ്യുതി പോസ്റ്റുകളില്‍ വയറോ കയറോ കെട്ടരുത്
v പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പികളില്‍ സ്പര്‍ശിക്കരുത്
v കമ്പിവേലികളില്‍ കൂടി വൈദ്യുതി പ്രവഹിപ്പിക്കരുത്
v വൈദ്യുതി ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങള്‍, ഷെഡുകള്‍ മുതലായവ നിര്‍മ്മിക്കരുത്