ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദം  ചുഴലിക്കാറ്റായി  രൂപപ്പെടാന്‍ സാധ്യതയുളളതായി  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പുളള സാഹചര്യത്തില്‍ ജില്ലയിലും പൊതുജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ പറഞ്ഞു. ഫാനി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആവശ്യമായ മുന്‍കരുതല്‍  സ്വീകരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. താലൂക്ക് ഓഫീസുകളില്‍ സാഹചര്യത്തിന് വിധേയമായി കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ശക്തമായ മഴക്കും കാറ്റിനും സാധ്യതയുളളതിനാല്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങള്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇരുപത്തിനാല് മണിക്കൂറില്‍ മഴയുടെ അളവ് 64.4 മി.മി യില്‍ കൂടുകയാണെങ്കില്‍ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമയി നിര്‍ത്തിവെപ്പിക്കും.  പ്രദേശത്തെ വൈദ്യുത ബന്ധവും ഫോണ്‍ബന്ധവും തകരാറിലാവുയാണെങ്കില്‍  എത്രയും പെട്ടെന്ന് പുന:സഥാപിക്കാന്‍ കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ അപകടകരം എന്ന് കണ്ടെത്തി അറിയിച്ചിട്ടുള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് സാഹചര്യം അനുസരിച്ച് ക്യാമ്പുകള്‍ ഒരുക്കും. ശക്തമായ മഴയുടെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ക്യാമ്പിലേക്ക് മാറി താമസിക്കാവുന്നതാണ്.