ഫാക്ടിന്റെ അമ്പലമേട് ഡിവിഷനില്‍ 1800 കോടി രൂപ ചെലവില്‍  കിന്‍ഫ്ര സ്ഥാപിക്കുന്ന പെട്രോകെമിക്കല്‍സ് പാര്‍ക്കിന്റെ ധാരണാപത്രം ഒപ്പിട്ടു.
    പെട്രോകെമിക്കല്‍സ് പാര്‍ക്ക് സ്ഥാപിക്കുന്നതിന്റെ മുന്നോടിയായി സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെയും വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെയും സാന്നിധ്യത്തില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെട്ട്രറി  പോള്‍ ആന്റണിയും ഫാക്ട് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എസ്.കെ. ലോഹാനിയും കൈമാറി.
    ഫാക്ട് കൊച്ചിന്‍ ഡിവിഷനില്‍ ഉപയോഗിക്കാതെ കിടന്ന 481.79 ഏക്കര്‍ ഭൂമിയാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി കിന്‍ഫ്ര ഏറ്റെടുത്ത് പെട്രോകെമിക്കല്‍സ് പാര്‍ക്ക് സ്ഥാപിക്കുവാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ബി.പി.സി.എല്ലിന്റെ വികസനത്തോടൊപ്പം കൊച്ചിന്‍ റിഫൈനറിയുടെയും ബി.പി.സി.എല്ലിന്റെയും അനുബന്ധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാനാവശ്യമായ എല്ലാവിധ അടിസ്ഥാന സൗകര്യവും ഒരുക്കുകയാണ് ലക്ഷ്യം. സിങ്കപ്പൂര്‍, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് പെട്രോ കെമിക്കല്‍സ് ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും പാര്‍ക്കില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സൗകര്യം ലഭിക്കും.
    ഫാക്ടില്‍ നിന്നും ഏറ്റെടുക്കുന്ന 150 ഏക്കര്‍ സ്ഥലത്തിന്  ഒരുകോടി രൂപ വീതവും 331.79 ഏക്കര്‍ സ്ഥലത്തിന് 2.4758 കോടി രൂപ വീതവുമാണ്. ആകെ സ്ഥലത്തിന്റെ വില 977 കോടി രൂപയാണ്.
    1800 കോടി രൂപയാണ് പെട്രോകെമിക്കല്‍സ് പാര്‍ക്കിന്റെ പദ്ധതി ചെലവ്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്നുമാണ് ഈ തുക സമാഹരിക്കുന്നത്. 2020  ഡിസംബര്‍ ആകുമ്പോഴേക്കും പദ്ധതി പൂര്‍ത്തിയാകും.
കെ.എസ്.ഐ.ഡി.സി എം.ഡി. എം. ബീന, ഉന്‍ഡസ്ട്രീസ് ഡയറക്ടര്‍ കെ.എന്‍. സതീഷ്, കിന്‍ഫ്ര എം.ഡി. കെ.എ. സന്തോഷ് കുമാര്‍, ജനറല്‍ മാനേജര്‍ ഡോ: ടി. ഉണ്ണികൃഷ്ണന്‍, മാനേജര്‍ ജി. സുനില്‍, കെ.എസ്.ഐ.ഡി.സി. ജി.എം. അജിത്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.