അറ്റകുറ്റപണി നടത്തുകയല്ല; മറിച്ച് പാലം പുനസ്ഥാപിക്കും
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തില്‍ ക്രമക്കേട് കാട്ടിയവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി നിര്‍മ്മിച്ച പാലത്തിന്റെ അറ്റകുറ്റപ്പണിയല്ല  മറിച്ച് പുനസ്ഥാപിക്കല്‍ ആണ്  നടത്തുന്ന തെന്നും മന്ത്രി പറഞ്ഞു.  നിര്‍മ്മാണം പുരോഗമിക്കുന്ന  മേല്‍പ്പാലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു മന്ത്രി.
പാലത്തിന്റെ നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും ക്രമക്കേട് സംഭവിച്ചിട്ടുണ്ട്. പാലത്തിന്റെ ഡിസൈനില്‍ വന്ന പിഴവുകളാണ് ബലക്ഷയത്തിന് കാരണം. അതിനാലാണ് നിര്‍മ്മാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിന് ശേഷം പാലം തകര്‍ന്നത്. അതിനാല്‍ നിര്‍മ്മാണത്തില്‍  ക്രമക്കേടുകള്‍ വരുത്തിയവരെ കണ്ടെത്തി  കര്‍ശന നടപടിയുണ്ടാകുമെന്നും എന്നും മന്ത്രി പറഞ്ഞു. വകുപ്പ് തലത്തിലും മദ്രാസ് ഐഐടി  നടത്തിയ അന്വേഷണത്തിലും ക്രമക്കേട് നടന്നതായി വ്യക്തമാക്കുന്നുണ്ട്. സാങ്കേതിക പിഴവാണ്  പാലത്തിന്റെ ടാറിങ് ഇളകി പോകുന്നതിനും തൂണുകളില്‍ വിള്ളല്‍ ഉണ്ടാകുന്നതിനും കാരണമായതെന്ന്  ഐഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്.
കൃത്യമായ പഠനങ്ങള്‍ നടത്താതെ പാലത്തിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ ചാട്ടം ഒഴിവാക്കുന്നതിനായി സ്പാനുകള്‍ക്കിടയില്‍ എക്‌സ്പാന്‍ഷന്‍ ജോയിന്റുകള്‍ക്ക് പകരം ഡെക്ക് കണ്ടിന്യൂയിറ്റി രീതിയിലുള്ള നിര്‍മ്മാണമാണ് മേല്‍പ്പാലത്തില്‍ നടത്തിയത്. കൃത്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. കൂടാതെ പാലത്തിന്റെ നിര്‍മ്മാണ ഘട്ടത്തില്‍ ഒരിക്കല്‍ പോലും റിവ്യൂ നടത്തിയിട്ടില്ല. താന്‍ ചെയ്യുന്ന ഏതൊരു കണ്‍സ്ട്രക്ഷനും രണ്ടുമാസത്തിലൊരിക്കല്‍ റിവ്യൂ നടത്തുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. അങ്ങനെ ചെയ്യുമ്പോള്‍ പോരായ്മകള്‍ അറിയാനാകും. .
കിറ്റ്‌കോ, റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എന്നിവര്‍ക്ക് നിര്‍മ്മാണത്തിലെ അപാകതകളില്‍  ഉത്തരവാദിത്വമുണ്ടൈന്നും മന്ത്രി വ്യക്തമാക്കി.