മാലിന്യസംസ്‌ക്കരണം, പരിസരശുചീകരണം, പകര്‍ച്ചവ്യാധി പ്രതിരോധം എന്നിവ സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കാന്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. പെന്‍സില്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ജില്ലാതല പരിശീലനം മുണ്ടൂര്‍ ഐആര്‍ടിസിയില്‍ പൂര്‍ത്തിയായി. ബ്ലോക്കുകളിലും നഗരസഭകളിലുമായി 32 ക്യാമ്പുകള്‍ നടത്തും. മെയ് 10മുതല്‍ 20വരെ ജില്ലയിലെ മുഴുവന്‍ വാര്‍ഡുതലങ്ങളിലും ക്യാമ്പ് സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഓരോ വാര്‍ഡിലും നടക്കുന്ന ക്യാമ്പില്‍ ആറു മുതല്‍ ഒമ്പത് വരെ ക്ലാസുകളില്‍ പഠിക്കുന്ന 50 കുട്ടികള്‍ വീതം പങ്കെടുക്കും. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പിലാക്കിയ മാലിന്യസംസ്‌കരണ ഉപാധികളെക്കുറിച്ചും മാലിന്യം വേര്‍തിരിച്ച് സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം പുതുതലമുറയെ ബോധ്യപ്പെടുത്തുന്നതിനുമായാണ് ക്യാമ്പ്. രണ്ട് ദിവസങ്ങളിലായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഫീല്‍ഡ് സന്ദര്‍ശനം നടത്തി സ്വന്തം വാര്‍ഡിലെ മാലിന്യ പരിപാലന അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യാനും നിവേദനം തയ്യാറാക്കി പഞ്ചായത്ത് പ്രസിഡന്റിനും മറ്റു അധികാരികള്‍ക്കും കൈമാറാനും അവസരമുണ്ടായിരിക്കും. ക്യാമ്പ് സംഘടിപ്പിക്കുന്നതിനായി കില, കുടുംബശ്രീ, ഹരിത കേരളം മിഷന്‍, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ 206 റിസോഴ്‌സ് പേഴ്‌സണ്‍സിനെ പരിശീലനം നല്‍കി സജ്ജരാക്കിയതായി ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്‍ അറിയിച്ചു.
