പാലക്കാട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ പരിധിയില്‍ മെയ് ഏഴുവരെ വൈദ്യുതി സുരക്ഷാവാരം ആചരിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി സുരക്ഷാ സന്ദേശ റാലി നടത്തി. ‘വൈദ്യുതി സുരക്ഷാ നടപടികള്‍ പാലിക്കൂ, അപകടങ്ങള്‍ ഒഴിവാക്കൂ’ എന്ന സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്്.ഇ.ബിയും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റും സംയുക്തമായാണ് വാരാചരണത്തോടനുബന്ധിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്തുന്നത്. വാരാചരണത്തിന്റെ ഉദ്ഘാടനം ഡി.വൈ.എസ്.പി ജി.ഡി വിജയകുമാര്‍ നിര്‍വഹിച്ചു. പാലക്കാട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പ്രസാദ് മാത്യു അധ്യക്ഷനായി. കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ സെഷനുകള്‍ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികളും വാരാചരണത്തിന്റെ ഭാഗമായി നടത്തി. വൈദ്യുതി ബോര്‍ഡിന്റെ സുരക്ഷാ നയവും സുരക്ഷിതമായി ജോലി ചെയ്യുന്ന നടപടി ക്രമങ്ങളും സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചു.
ഗാര്‍ഹിക വൈദ്യുതി സുരക്ഷ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
1. മൂന്ന് പിന്‍ ഉള്ള പ്ലഗുകള്‍ മാത്രമേ ഉപയോഗിക്കാവൂ.
2. പ്ലഗ് പോയിന്റുകളുടെ നിയന്ത്രണ സ്വിച്ചുകള്‍ നിര്‍ബന്ധമായും ഫേസില്‍ ആയിരിക്കണം
3. വയറിങിലും വൈദ്യുതി ഉപകരണങ്ങളിലും ഉണ്ടായേക്കാവുന്ന ചോര്‍ച്ചമൂലം അപകടം ഒഴിവാക്കാന്‍ എര്‍ത്ത് ലീക്കേജ് സര്‍ക്ക്യൂട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) മെയിന്‍ സ്വിച്ചിനോട് സ്ഥാപിക്കുക.
4. ശരിയായ രീതിയില്‍ എര്‍ത്തിങ് ചെയ്യുക
5. ഐ.എസ്.ഐ മുദ്രയുള്ളതോ തത്തുല്യ നിലവാരമുള്ളതോ ആയ ഉപകരണങ്ങളും സാമഗ്രികളും മാത്രം വയറിങിന് ഉപയോഗിക്കുക
6. കുട്ടികള്‍ക്ക് കൈയെത്തും വിധം വൈദ്യുതി സാമഗ്രികളോ ഉപകരണങ്ങളോ സ്ഥാപിക്കരുത്.
ഗുണമേന്‍മ കുറഞ്ഞതോ താഴ്ന്ന നിലവാരത്തിലുള്ളതോ ആയ വൈദ്യുത ഉപകരണങ്ങള്‍ ഒഴിവാക്കുക.
ഇവയും ശ്രദ്ധിക്കാം:
1. ടേബിള്‍ ഫാന്‍ ഉപയോഗിച്ച് തലമുടി ഉണക്കരുത്. സ്വിച്ച്, പ്ലഗ് മുതലായവയില്‍ വസ്ത്രങ്ങള്‍ തൂക്കരുത്.
2. കേബിള്‍ ടിവി അഡാപ്ടറിന്റെ ഉള്‍വശത്ത് സ്പര്‍ശിക്കരുത്. വൈദ്യുതി പ്രവഹിക്കാത്ത അടപ്പുണ്ടെന്ന് ഉറപ്പു വരുത്തുക.
3. വൈദ്യുത കമ്പികളില്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ള വിധത്തില്‍ തെങ്ങ് തുടങ്ങിയ വൃക്ഷങ്ങള്‍ക്ക് ഇരുമ്പ് താങ്ങുകമ്പി കെട്ടരുത്.
4. ലൈനുകള്‍ക്ക് താഴെ മരങ്ങള്‍ നടരുത്.
5. തീ അണയ്ക്കുന്നതിന് വെള്ളം ഒഴിക്കുമ്പോള്‍ വൈദ്യുതി ലൈനുകളിലോ ഉപകരണങ്ങളിലോ വീഴാതെ സൂക്ഷിക്കുക.
6. വീടിന്റെ പരിസരത്ത് വളര്‍ത്തുന്ന വൃക്ഷങ്ങളുടെ ശാഖകള്‍ തൊട്ടടുത്തുകൂടി കടന്നുപോവുന്ന വൈദ്യുതി കമ്പികളുമായി ബന്ധപ്പെടാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കണം.
7. ഷോക്കുമൂലം അപകടം പറ്റിയ വ്യക്തിയെ വൈദ്യുതിബന്ധം വിച്ഛേദിച്ചതിനു ശേഷം മാത്രമേ സ്പര്‍ശിക്കാവൂ. വൈദ്യുതാഘാതമേറ്റുനില്‍ക്കുന്ന വ്യക്തിയെ ഉണങ്ങിയ തടിക്കഷ്ണം കൊണ്ടോ വൈദ്യുതിവാഹിയല്ലാത്തതും ഈര്‍പരഹിതവുമായ വസ്തു ഉപയോഗിച്ചോ വൈദ്യുതി ബന്ധത്തില്‍നിന്നും വേര്‍പ്പെടുത്തുക.
വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹക്കുഴലുകളോ ഇരുമ്പു തോട്ടികളോ ഉപയോഗിക്കരുത്.