കൊച്ചി: കാര്‍ഷിക മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ് ജില്ലയിലെ സ്വാശ്രയ കര്‍ഷക സമിതികള്‍. കൃഷി വകുപ്പിന്റെ കീഴിലുള്ള വി.എഫ്.പി.സി.കെയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ കര്‍ഷക സമിതികളാണ് അതിജീവനത്തിന്റെ പുതിയ അധ്യായം രചിക്കുന്നത്.

കൃഷി പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ കര്‍ഷകരെ കൃഷിയിലേക്ക് എത്തിക്കുക, വിഷ രഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ 1993 ലാണ് വി.എഫ്.പി.സി.കെ യു ടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ സ്വാശ്രയ കര്‍ഷക സമിതികള്‍ ആരംഭിച്ചത്. തിരുവാണിയൂര്‍, കുറുമശ്ശേരി എന്നിവിടങ്ങളിലാണ് ആദ്യ തുടക്കം. കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ 22 സമിതികളിലായി 10, 574 കര്‍ഷകരുടെ വലിയ കൂട്ടായ്മയായി ഇത് മാറിക്കഴിഞ്ഞു.

കീരമ്പാറ, നെടുങ്ങപ്ര, കൂവപ്പടി, മലയാറ്റൂര്‍, തുറവുര്‍, അയ്യമ്പുഴ, കാഞ്ഞൂര്‍, കുറുമശ്ശേരി, കുന്നുകര, പുത്തന്‍വേലിക്കര, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, നെടുമ്പാശ്ശേരി, തിരുവാണിയൂര്‍, വെങ്ങോല, മഴുവന്നൂര്‍, പോത്താനിക്കാട്, എടക്കാട്ടുവയല്‍, ഇലഞ്ഞി, കക്കാട്, വാഴക്കുളം, മൂക്കന്നൂര്‍ എന്നിവിടങ്ങളിലാണ് സ്വാശ്രയ കര്‍ഷക സമിതികളും വിപണികളും പ്രവര്‍ത്തിക്കുന്നത്. ഇതില്‍ പോത്താനിക്കാടും നെടുമ്പാശ്ശേരിയുമാണ് ഏറ്റവും ഒടുവില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ചുരുങ്ങിയത് അമ്പത് സെന്റിലെങ്കിലും കൃഷിയിറക്കുന്ന 300 കര്‍ഷകര്‍ അംഗമായുളളി ത്തൊണ് സ്വാശ്രയ കര്‍ഷക സമിതികള്‍ രൂപീകരിക്കുന്നത്. ഇവിടങ്ങളില്‍ കര്‍ഷകര്‍ക്കാവശ്യമായ വിത്തുകള്‍, തൈകള്‍, ടിഷ്യു കള്‍ച്ചര്‍ വാഴകള്‍, കാര്‍ഷിക പരിശീലനം, ഇന്‍ഷ്വറന്‍സ് പരിരക്ഷ, വിപണന സൗകര്യം എന്നിവയെല്ലാം ഏര്‍പ്പെടുത്തി നല്‍കുന്നത് വി.എഫ്.പി.സി.കെയാ ണ്. സമിതികള്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനാണ് സ്വാശ്രയ കര്‍ഷക വിപണികള്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷകരില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന എക്‌സിക്യൂട്ടിവ് കമ്മറ്റിയാണ് ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്നത്.

കഴിഞ്ഞ ആഗസ്റ്റിലെ പ്രളയം സ്വാശ്രയ കര്‍ഷക സമിതികളുടെ പ്രവര്‍ത്തനത്തേയും ദോഷകരമായി ബാധിച്ചു. ജില്ലയിലെ പുത്തന്‍വേലിക്കര, കുന്നുകര, കടുങ്ങല്ലൂര്‍, നെടുമ്പാശ്ശേരി, വാഴക്കുളം, കൂവപ്പടി തുടങ്ങിയ ഏഴ് സ്വാശ്രയ കര്‍ഷക വിപണികളാണ് ദിവസങ്ങളോളം വെള്ളത്തിനടിയിലായത്. ആഴ്ചയില്‍ രണ്ട് ദിവസമുള്ള ചന്ത ലക്ഷ്യമിട്ട് സൂക്ഷിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന പച്ചക്കറി കളും കമ്പ്യൂട്ടര്‍ അടക്കമുള്ള ഓഫീസ് ഉപകരണങ്ങളും നശിച്ചു. എല്ലാം മാസവും ഓഡിറ്റ് നടത്തി സൂക്ഷിച്ചിരുന്ന രേഖകളും നശിച്ചു.201718 സാമ്പത്തീക വര്‍ഷം 44.6 കോടി വിറ്റു വരവുണ്ടായിരുന്ന സ്ഥാനത്ത് 201819 സാമ്പത്തീക വര്‍ഷം അത് 31 കോടിയായി കുറഞ്ഞു. പ്രളയം വരുത്തി വച്ച നഷ്ടമായിരുന്നു. എന്നാല്‍ പ്രളയത്തെ അതിജീവിച്ചും മുന്നോട്ടു കുതിക്കാനായിരുന്നു സ്വാശ്രയ കര്‍ഷക സമിതികളുടെ തീരുമാനം. ഇക്കുറി 1800 ഹെക്ടറില്‍ പച്ചക്കറിയും 2100 ഹെക്ടറില്‍ ഏത്തവാഴയും 600 ഹെക്ടറില്‍ പൈനാപ്പിളും കൃഷിയിറക്കിയിട്ടുണ്ട്. കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ അതിജീവനത്തില്‍ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍.