നഗരസഭയുടെ കീഴിലുള്ള മാലിന്യ സംസ്‌ക്കരണ കേന്ദ്രത്തില്‍ മികച്ച രീതിയിലുള്ള മാലിന്യ സംസ്‌ക്കരണം ഉറപ്പാക്കുന്നതിന് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനിലാ ബ്രൂണോ അറിയിച്ചു. കൊടുമ്പ് പഞ്ചായത്തില്‍ ആറ് ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തില്‍ മാലിന്യ ശേഖരണം പുനരാരംഭിക്കുമ്പോള്‍ ശാസ്ത്രീയമായി മാലിന്യ സംസ്‌ക്കരണം നടപ്പിലാക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സംസ്ഥാന ശുചിത്വമിഷന് സമര്‍പ്പിക്കും.
മാലിന്യങ്ങളിലെ ഈച്ച ശല്യം കുറയ്ക്കുന്നതിനായി വയര്‍ മെഷ് അഥവാ കമ്പിവേലി സ്ഥാപിക്കും. പ്ലാന്റിനുള്ളിലെ മലിനജലം ഒഴുക്കുന്നതിന് ഗാര്‍ലന്റ് ഡ്രെയിന്‍ സ്ഥാപിക്കുകയും ഇതിലൂടെ ഒഴുകുന്ന മലിനജലം ഭൂമിക്കടിയിലേക്ക് പോകുന്നതിന് സംവിധാനമൊരുക്കുകയും ചെയ്യും. ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി വിന്‍ഡ്രോപ് കമ്പോസ്റ്റ് സ്ഥാപിക്കും. ഇതില്‍ നിന്നുള്ള മലിനജലമായ ലീച്ചേറ്റ് ഒഴുകിപ്പോകുന്നതിനായുള്ള ഡ്രെയിനേജ് വൃത്തിയാക്കുകയും ലീച്ചേറ്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുകയും ചെയ്യും. ഇതിനു പുറമെ നിലവില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് സംസ്ഥാന ശുചിത്വമിഷന്‍ നിര്‍ദ്ദേശിക്കുന്ന ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ച് ബയോമൈനിങ് ചെയ്യും. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന പ്രക്രിയയാണിത്. ബയോമൈനിങിന് ശേഷം ബാക്കിയാവുന്ന മാലിന്യങ്ങള്‍ക്ക് മീതെ ആവരണം തയ്യാറാക്കി സൗന്ദര്യവത്ക്കരണം നടത്തുന്ന ബയോ ക്യാപിങ് ചെയ്യും. കൂടാതെ മാര്‍ക്കറ്റ് പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ ജൈവമാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് ബയോ ബിന്നുകള്‍ സ്ഥാപിക്കും. ഇതില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഹരിത കര്‍മ സേനയെ നിയോഗിക്കും. നിലവില്‍ ജൈവ, അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് മാത്രമേ സ്വീകരിക്കുകയുള്ളൂ.
കൊടുമ്പ് പഞ്ചായത്ത്, പാലക്കാട് നഗരസഭാ, ശുചിത്വ മിഷന്‍ എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മിറ്റി സ്ഥലം പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.