എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം വിജയം കൈവരിച്ച സന്തോഷത്തിലാണ് ജില്ലയിലെ മോഡൽ റസിഡന്റൽ സ്‌കൂളുകളിലെ അധ്യാപകരും വിദ്യാർത്ഥികളും. തുടർച്ചയായി ലഭിക്കുന്ന വിജയങ്ങൾക്കൊപ്പം ഇവർ കാണിച്ചുതരുന്നത് ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസ മേഖലയിലെ ഉന്നമനം കൂടിയാണ്. ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ സമ്പൂർണ്ണ വിദ്യാഭ്യാസം ലക്ഷ്യമിടുന്ന എം.ആർ.എസുകൾക്ക് തികഞ്ഞ അംഗീകാരമാണ് ഈ ഫലങ്ങൾ നൽകുന്നത്. പാഠ്യേതര മേഖലകളിലും മികച്ച സൗകര്യങ്ങളോടെയുള്ള സൗജന്യ വിദ്യാഭ്യാസം ഇവർക്ക് ഏറെ സഹായകരമാവുന്നു. ഇവിടെ നിന്നും പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനുള്ള സഹായങ്ങളും എം.ആർ.എസുകൾ നൽകുന്നുണ്ട്.
ജില്ലയിലെ അഞ്ച് എം.ആർ.എസുകളിൽ പൂക്കോട് ജി.എം.ആർ.എസിൽ പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും തുടർച്ചയായ 12-ാം വർഷവും നൂറുമേനി കൊയ്തു. എസ്.ടി വിഭാഗത്തിൽ നിന്നുള്ള അഞ്ചു വിദ്യാർത്ഥികൾ ആറു വിഷയങ്ങളിൽ എ പ്ലസ് നേടുകയും ചെയ്തു. കഴിഞ്ഞ വർഷം മൂന്ന് പേർക്ക് ഒമ്പത് എ പ്ലസ് ലഭിച്ചിരുന്നു. കണിയാമ്പറ്റ ജി.എം.ആർ.എസിലെ 35 വിദ്യാർത്ഥിനികൾ പരീക്ഷ എഴുതിയപ്പോൾ പി.ആർ രജിഷ, പി.ബി ശ്വരൂഭ, പി.ആർ ശരണ്യ എന്നിവർ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. നല്ലൂർനാട് എ.എം.എം.ആർ.ജി.എച്ച്.എസ്.എസിലെ 33 വിദ്യാർത്ഥികളിൽ അഭിജിത്ത് ബാബു, കെ.അർജുൻ, സി.ശ്രീജീഷ് എന്നീ വിദ്യാർത്ഥികൾ ഒമ്പത് വിഷയങ്ങളിൽ എ പ്ലസ് നേടി. കാട്ടുനായ്ക്ക വിഭാഗങ്ങൾക്കായുള്ള നൂൽപ്പുഴ ആർ.ജി.എം.ആർ.എച്ച്.എസ്.എസും അടിയ-പണിയ വിഭാഗങ്ങൾക്കായുള്ള തിരുനെല്ലി ഗവ:ആശ്രമം എച്ച്.എസിലെ വിദ്യാർത്ഥികളും മുൻ വർഷങ്ങളിലെ നൂറുശതമാനം ഉയർന്ന മാർക്കോടെ നിലനിർത്തി.
ഈ വർഷത്തെ ഹയർസെക്കണ്ടറി പരീക്ഷയിലും കണിയാമ്പറ്റ, നെല്ലൂർനാട്, നൂൽപ്പുഴ എം.ആർ.എസുകളിൽ മികച്ച വിജയമാണുണ്ടായത്. കണിയാമ്പറ്റ എം.ആർ.എസിലെ 47 വിദ്യാർത്ഥികളിൽ 44 പേരും വിജയിച്ചു. നല്ലൂർനാട് എം.ആർ.എസിൽ നിന്നും 86.76 ശതമാനം വിജയമാണുണ്ടായത്. സയൻസ് വിഭാഗത്തിൽ 33 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയപ്പോൾ അക്ഷയ് ബാബു എന്ന വിദ്യാർത്ഥി അഞ്ചു വിഷയങ്ങളിൽ എ പ്ലസ് നേടി. കെമ്മേഴ്‌സ് വിഭാഗത്തിൽ 35 വിദ്യാർത്ഥികളിൽ ആർ. രങ്കരാജ് നാലു വിഷയങ്ങളിൽ എ പ്ലസ് നേടി. നൂൽപ്പുഴ എം.ആർ.എസ് 86 ശതമാനം കൈവരിച്ചു.
ആദിവാസി വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ചർച്ചയാവുമ്പോഴും എം.ആർ.എസുകളിലെ വിദ്യാർത്ഥി സാന്നിധ്യം ശക്തമാണെന്നും ഇത്തരം വിദ്യാലയങ്ങളുടെ ആവശ്യം ജില്ലയിൽ ഏറിവരികയാണെന്നുമാണ് അധ്യപകരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായം.