പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2019-20 അദ്ധ്യയന വർഷത്തെ മുന്നൊരുക്കങ്ങൾ ജില്ല കളക്ടർ എ.ആർ അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ വിലയിരുത്തി. മുഴുവൻ കുട്ടികളെയും സ്‌കൂളിലെത്തിക്കാൻ മേയ് 29,30,31 തീയതികളിൽ സമ്പൂർണ്ണ സ്‌കൂൾ പ്രവേശന കാമ്പയിൻ സംഘടിപ്പിക്കും. പ്രവേശനോത്സവം വിജയിപ്പിക്കാൻ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കും. മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മേയ് 11,12 തീയതികളിൽ ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കും. ഇതിന്റെ ഭാഗമായി മേയ് 10ന് വിദ്യാലയങ്ങളിൽ പി.ടി.എ യോഗം ചേരാനും നിർദേശിച്ചു. അധ്യാപകർക്കുള്ള അവധിക്കാല പരിശീലനവും നടന്നു വരുന്നുണ്ട്. നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാനുള്ള മുഴുവൻ വിദ്യാലയ കെട്ടിടങ്ങളും സമയബന്ധിതമായി പൂർത്തിയാക്കണം. ജില്ലയിൽ അനുവദിച്ച ഓട്ടിസം പാർക്ക് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ നിർദേശിക്കും. നൂറുശതമാനം ഹയർസെക്കണ്ടറി ക്ലാസ് മുറികളും ആധൂനികവത്കരിച്ചെന്ന് കൈറ്റ് അറിയിച്ചു. കൂടാതെ സർവേയിലൂടെ കണ്ടെത്തിയ 256 പ്രൈമറി സ്‌കൂളുകൾ ഈ വർഷം ആധൂനികവത്കരിക്കും. ജൂൺ പകുതിയോടെ അർഹതപ്പെട്ട മുഴുവൻ സ്‌കൂളുകളിലും ഉപകരണങ്ങൾ ലഭ്യമാക്കുമെന്നും കൈറ്റ് അറിയിച്ചിട്ടുണ്ട്.
അടുത്ത അദ്ധ്യയന വർഷം വിജയശതമാനത്തിൽ ജില്ലയെ മുൻനിരയിലെത്തിക്കാൻ ശ്രമം ശക്തമാക്കണമെന്ന് ജില്ല കളക്ടർ ആവശ്യപ്പെട്ടു. ഡ്രോപ് ഔട്ട് ഫ്രീ വയനാട് പദ്ധതിയിൽ വസ്തുതപരമായ പഠന നടത്തി പോരായ്മകൾ പരിഹരിക്കാനും കളക്ടർ നിർദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങളിൽ മുൻ വർഷത്തേക്കാൾ പുരോഗതി ജില്ലയിലുണ്ടായിട്ടുണ്ടെന്ന് ജില്ല വിദ്യാഭ്യാസ ഓഫീസർ ഹണി ജി. അലക്‌സാണ്ടർ വ്യക്തമാക്കി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മുഴുവൻ വിഷയത്തിലും എപ്ലസ് ലഭിച്ചവരുടെ എണ്ണത്തിൽ 100 വിദ്യാർഥികളുടെ വർധനവുണ്ടായി. വിജയിച്ചവരിൽ 800 വിദ്യാർത്ഥികൾക്കുമാത്രമാണ് ജസ്റ്റ്പാസ് വിഭാഗമായ ഡി പ്ലസ് ഗ്രേഡ് ലഭിച്ചിട്ടുള്ളൂ. ഡ്രോപ് ഔട്ട് ഫ്രീ കാമ്പയിന്റെ ഭാഗമായി എൻറോൾ ചെയ്ത മുഴുവൻ വിദ്യാർഥികളേയും പരീക്ഷ എഴുതിക്കാൻ കഴിഞ്ഞിട്ടുണ്ട്. വിജയശതമാനത്തിൽ ജില്ല പിന്നോട്ട് പോയത് അധ്യാപകരിലടക്കം നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും ജില്ല വിദ്യാഭ്യാസ വകുപ്പ് അഭിപ്രായപ്പെട്ടു.
ജില്ലയിൽ എസ്.എസ്.എൽ.സി വിജയശതമാനത്തിൽ ഏറ്റവും പിന്നിലായത് 15 സ്‌കൂളുകളാണ്. ഇവിടങ്ങളിൽ വിജയശതമാനം 85 ശതമാനത്തിനും താഴെയാണ്. ഈ സ്‌കൂളുകൾക്ക് പ്രത്യേകം ഊന്നൽ നൽകി വിജയശതമാനം ഉയർത്താനുള്ള നടപടികൾ സ്വീകരിക്കും. കുട്ടികൾ കുറഞ്ഞ സ്‌കൂളുകളിൽ അസാപിന്റെ നേതൃത്വത്തിൽ വിവിധ പരിശീലനങ്ങൾ സംഘടിപ്പിച്ച് കൂടുതൽ കുട്ടികളെ ആകർഷിക്കും. സംയോജിത ആദിവാസി വികസന വകുപ്പ് പത്താം ക്ലാസ് വിജയിച്ച ആദിവാസി വിഭാഗത്തിലെ കുട്ടികളെ കണ്ടെത്തി പ്ലസ് വൺ പ്രവേശനം ഉറപ്പാക്കും. ഇതിനായി കൈറ്റ് സാങ്കേതിക സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ജില്ലയിൽ കൂടുതൽ ഹ്യൂമാനിറ്റിസ് ബാച്ച് അനുവദിച്ചു കിട്ടാൻ ജനറൽ എഡ്യുക്കേഷൻ സെക്രട്ടറിക്ക് കത്ത് അയക്കുമെന്ന് കളക്ടർ അറിയിച്ചു. ആദ്യഘട്ടത്തിൽ മോഡൽ റസിഡന്റൽ സ്‌കൂളുകളിലെങ്കിലും കൂടുതൽ ഹ്യൂമാനിറ്റിസ് ബാച്ച് അനുവദിച്ചു കിട്ടിയാൽ സയൻസ് വിഷയത്തോട് പെതുവെ വിമുഖത കാണിക്കുന്ന ആദിവാസി വിഭാഗത്തിൽപ്പെട്ട കുട്ടികളെ ആകർഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.