പറവൂര്‍: നാല് ദിവസങ്ങളിലായി പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന കുട്ടികളുടെ അവധിക്കാല ക്യാമ്പ് പെന്‍സില്‍ പരിശീലന പരിപാടിക്ക് സമാപനമായി. രണ്ട് ബാച്ചുകളിലായി നടന്ന പരിശീലനത്തില്‍ 174 പേര്‍ പങ്കെടുത്തു. ഹരിത കേരളം മിഷന്‍, കുടുംബശ്രീ മിഷന്‍, ആരോഗ്യ വകുപ്പ്, കില, ശുചിത്വ മിഷന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പെന്‍സില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാന തലം മുതല്‍ ബ്ലോക്ക് തലം വരെയാണ് പരിശീലനങ്ങള്‍ നല്‍കുന്നത്. പരിശീലനം നേടുന്ന റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും കുട്ടികള്‍ക്ക് പരിശീലനം നല്‍കും.
മാലിന്യത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുകയും ചെയ്യുന്ന ശീലം കുട്ടികളില്‍ വളര്‍ത്താനും ലക്ഷ്യമിട്ടിട്ടുള്ളതാണ് പെന്‍സില്‍ ക്യാമ്പ്. പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുക്കുന്ന അഞ്ച് കുട്ടികള്‍, വാര്‍ഡ് തലങ്ങളില്‍ നല്‍കുന്ന പരിശീലനങ്ങളില്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരോടൊപ്പം ചേരും. പതിനഞ്ച് മുതല്‍ ഇരുപത് വരെ വയസുളളവരെയാണ് പഞ്ചായത്ത് തലത്തില്‍ തെരഞ്ഞെടുക്കുന്നത്.