വോട്ടെണ്ണല്‍ ദിനത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തിലെ ഓരോ കൗണ്ടിംഗ് ടേബിളുകളിലും കൗണ്ടിങ് ഏജന്റുമാരെ നിയോഗിക്കാം. മുണ്ടൂര്‍ ആര്യാനെറ്റ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ 14 ഹാളുകളിലായാണ് പാലക്കാട്, ആലത്തൂര്‍ മണ്ഡലങ്ങളിലുള്ള ഓരോ നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണല്‍ നടത്തുന്നത്. പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ ഷൊര്‍ണൂര്‍, ഒറ്റപ്പാലം, മലമ്പുഴ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്കായി 17 ഉം പട്ടാമ്പി, കോങ്ങാട്, മണ്ണാര്‍ക്കാട്, പാലക്കാട് എന്നിവയ്ക്കായി 14ഉം കൗണ്ടിംഗ് ടേബിളുകളാണ് ക്രമീകരിക്കുക. ആലത്തൂര്‍ മണ്ഡലത്തിലെ തരൂരിന് പത്തും മറ്റു നിയമസഭാ മണ്ഡലങ്ങള്‍ക്കായി 14 കൗണ്ടിംഗ് ടേബിളുകളും ഉണ്ട്. കൂടാതെ ഇരു ലോക്സഭാ മണ്ഡലങ്ങളിലേയും അഞ്ച് പോസ്റ്റല്‍ ബാലറ്റ് ടേബിളുകളിലേക്കും ഓരോരുത്തരെ വീതവും ഇ.ടി.പി.ബി (ഇലക്ട്രോണിക് ട്രാന്‍സ്മിഷന്‍ പോസ്റ്റല്‍ ബാലറ്റ്) സ്്കാനിങിനായും ഒരു കൗണ്ടിങ് ഏജന്റിനെയും നിയോഗിക്കാം. ഇരു ലോക്സഭാ മണ്ഡലത്തിലും അഞ്ച് പോസ്റ്റല്‍ ബാലറ്റ് ടേബിള്‍ വീതവും ഒരു ഇ.ടി.പി.ബി സ്‌കാനിങ് സംവിധാനവുമാണുള്ളത്. ഇതുകൂടാതെ ഓരോ നിയമസഭാ മണ്ഡലങ്ങളിലുമുള്ള അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ നടപടികള്‍ പരിശോധിക്കുന്നതിനും ഓരോ ഏജന്റുമാരെ സ്ഥാനാര്‍ഥികള്‍ക്ക് നിയോഗിക്കാവുന്നതാണ്. ഇതുപ്രകാരം പാലക്കാട് മണ്ഡലത്തിലെ ഓരോ സ്ഥാനാര്‍ഥിക്കും 120 കൗണ്ടിങ് ഏജന്റുമാരെയും ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍ക്ക് 107 കൗണ്ടിംഗ് ഏജന്റുമാരെയും നിയോഗിക്കാവുന്നതാണ്.