വരണാധികാരി അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് വോട്ടെണ്ണല്‍ കേന്ദ്രം പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ത്ഥികളുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റിന്റെയും വാഹനങ്ങള്‍ക്കു മാത്രമേ പരിസരത്തേക്ക് പ്രവേശിക്കാന്‍ സാധിക്കൂ. പൊതുജനങ്ങളുടെയും രാഷ്ട്രീയ പ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ക്കായി കോമ്പൗണ്ടിനു പുറത്ത് പാര്‍ക്കിംഗ് സൗകര്യമേര്‍പ്പെടുത്തും. ജോയിന്റ് ആര്‍.ടി.ഒ.യ്ക്കാണ് മേല്‍നോട്ട ചുമതല. കൗണ്ടിംഗ് ഹാളുകളുടെ സുരക്ഷാ ചുമതല ജില്ലാ പോലീസ് മേധാവിക്കാണ്. വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി ആവശ്യമായ പോലീസ്, കേന്ദ്രസേന വിഭാഗത്തെയും വിന്യസിക്കും. ഓരോ കൗണ്ടിംഗ് ഹാളും സിസിടിവി നിരീക്ഷണത്തിലായിരിക്കും. കൂടാതെ വോട്ടെണ്ണുന്നത് ചിത്രീകരിക്കാന്‍ ഓരോ ഹാളിലും വീഡിയോഗ്രാഫര്‍മാരെ നിയോഗിക്കും. കൗണ്ടിംഗ് ഹാളിനുള്ളില്‍ പ്രവേശിക്കുന്ന ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍ തുടങ്ങിയവരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് സാമഗ്രികള്‍ ഹാളിനുപുറത്ത് എ.ആര്‍.ഒ.മാരുടെ മേല്‍നോട്ടത്തില്‍ സൂക്ഷിക്കുന്നതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കായി മീഡിയ റൂം സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
