അനുശ്രീ ന്യൂട്രിമിക്സ് വെറുമൊരു സംരംഭം മാത്രമല്ല, ഇവരുടെ ജീവിതം കൂടിയാണ്. ഇതില്‍ വന്നതുകൊണ്ട് ഒരിക്കല്‍ പോലും അവര്‍ക്ക് വിഷമവും തോന്നിയിട്ടില്ല മറിച്ച് സംതൃപ്തിയുടെ കഥകള്‍ മാത്രമാണ് പറയാനുള്ളത്… ഇവര്‍ 12 വീട്ടമ്മമാരാണ്. സാമ്പത്തികമായി ഏറെ പിന്നില്‍ നില്‍ക്കുന്ന കുടുംബാംഗങ്ങളാണു മിക്കവരും. ഇന്ന് അവര്‍ വിജയത്തിന്റെ കൊടുമുടിയിലാണ്. ജീവിതശൈലി മെച്ചപ്പെടാന്‍ സംരംഭം ഒരു കാരണമായെന്നും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിഞ്ഞുവെന്നും ഒരേ സ്വരത്തില്‍ ഇവര്‍ പറയുന്നു.

2005 ല്‍ ആണ് നെടുങ്കണ്ടം സിഡിഎസ് ഇങ്ങനെയൊരു സംരംഭത്തിന് തുടക്കം കുറിക്കുന്നത്. അന്നത്തെ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ആയിരുന്ന ഷൈലജ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം പഞ്ചായത്തിലെ 22 വാര്‍ഡിലുള്ള 12 അയല്‍ക്കൂട്ടത്തില്‍ നിന്നും ഓരോരുത്തര്‍ വീതം 12 പേരെ സംരംഭത്തില്‍ പങ്കാളികളാക്കി. ഈ 12 പേര്‍ക്ക് കാസര്‍ഗോഡ് ജില്ലയില്‍ പരിശീലനം നല്‍കി. ജെലീല, സിന്ധു പ്രശാന്ത്, ബിന്ദു സുബാഷ്, ലിന്റോ സോണി,ശ്രീകുമാരി കെ, ആശ ജയപ്രസാദ്, നസീല ഷാജി, മീന ജെയിംസ്, മിനി മാത്യു, മിനി ജയന്‍, മിനി ബാബു, ഓമന ബാബു എന്നിവരാണ് സംരംഭത്തിന്റെ അമരക്കാര്‍. പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം പ്രാരംഭ ഘട്ടം എന്ന നിലയില്‍ 2005 മാര്‍ച്ച് 25 തീയതി ഒരു വാടക കെട്ടിടത്തില്‍ ഇവര്‍ തുടക്കമിട്ടു. തുടര്‍ന്ന് സംരംഭത്തിന് അനുശ്രീ എന്ന പേരും നല്‍കി. ആദ്യകാലങ്ങില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാമ്പത്തികമായി ഒരുപാട് ബുദ്ധിമുട്ടി. ഈ സമയത്തെല്ലാം ഗുണഭോക്തൃ വിഹിതം സഹായകമായി. അതിനു ശേഷം വീടുകള്‍ തോറും കയറിയിറങ്ങി അമൃതം പ്ലസ് എന്ന ഉത്പന്നം വിറ്റഴിച്ചു. ഇതില്‍ നിന്നും പ്രതീക്ഷിച്ച ലാഭം ലഭിക്കാതെ വന്നതിനാല്‍ ശമ്പളം എന്ന നിലയില്‍ ആരും ഒന്നും എടുത്തിരുന്നില്ല. ടൈം ടേബിള്‍ അനുസരിച്ചാണ് ജോലികള്‍ ക്രമീകരിച്ചിരിക്കുന്നത്. പുറംപണി മുതല്‍ സീല്‍ ചെയ്ത് ചാക്കില്‍ അടുക്കുന്നതു വരെ എല്ലാ ജോലികളിലും എല്ലാവരും പങ്കാളികള്‍. 12 ദിവസം കൂടുമ്പോള്‍ ജോലികള്‍ മാറിക്കൊണ്ടിരിക്കും.
സംരംഭത്തെ മെച്ചപ്പെടുത്തി സ്ഥിരവരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ യൂണിയന്‍ ബാങ്കില്‍ നിന്നും അഞ്ചേകാല്‍ ലക്ഷം രൂപ വായ്പയെടുക്കുകയും ഈ രൂപ ഉപയോഗിച്ച് യന്ത്രങ്ങള്‍ വാങ്ങുകയും ചെയ്തു. 2008 ല്‍ ഐസിഡിഎസ് ഓര്‍ഡര്‍ കിട്ടിയതിനാല്‍ കാന്തല്ലൂര്‍, മറയൂര്‍, ദേവികുളം, രാജാക്കാട്, രാജകുമാരി, സേനാപതി, നെടുംകണ്ടം,അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍ എന്നീ പഞ്ചായത്തുകളില്‍ പോഷകാഹാരം വിതരണം ഏറ്റെടുത്തു. ഇതോടെ സംരംഭം ലാഭത്തിലെത്തുകയും അതില്‍ നിന്നും ഓരോരുത്തര്‍ക്കും ശമ്പളം കൊടുക്കാനും കഴിഞ്ഞു. 2011 ല്‍ സഫല പദ്ധതി പ്രകാരം കൗമാരക്കാരായ കുട്ടികള്‍ക്ക് എ.ജി.ഫുഡ് വിതരണം ചെയ്യാനുള്ള ഓര്‍ഡറും ഇവര്‍ക്ക് ലഭിച്ചു.
2011 ല്‍ അരിപ്പൊടി, പുട്ടുപൊടി, റവ തുടങ്ങിയ ഉപോത്പന്നങ്ങള്‍ തയാറാക്കാന്‍ തുടങ്ങി. വാടക കെട്ടിടത്തില്‍ നിന്നും സ്വന്തമായി സ്ഥലവും കെട്ടിടവും വേണം എന്ന ചിന്തയെത്തുടര്‍ന്നു ലാഭ വിഹിതത്തില്‍ നിന്നും പണം സൊരുക്കൂട്ടി 18 സെന്റ് സ്ഥലം വാങ്ങി. പഞ്ചായത്തുകളില്‍ നിന്നും ഓര്‍ഡറുകള്‍ ചോദിച്ചു് വാങ്ങുന്നതുതുടര്‍ന്നു. പിന്നീട് ഈ 18 സെന്റ് സ്ഥലം വിറ്റു അതിന്റെ കൂടെ ലാഭവിഹിതവും കൂടിയിട്ട് 40സെന്റ് സ്ഥലം വാങ്ങി കെട്ടിടം വച്ചു. 2018 ജൂലൈ 1 ന് ഈ കെട്ടിടം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തതോടെ സംരംഭത്തിന് കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു.
ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓഡിനേറ്റര്‍ അജേഷ് റ്റി.ജി, എ.ഡി.എം.സി ബിനു ആര്‍, നെടുംകണ്ടം സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ലൂസിയ ജോയ് എന്നിവര്‍ യൂണിറ്റ് സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കി വരുകയും ചെയ്യുന്നു.
ഇപ്പോഴത്തെ ആസ്തി ഒരു കോടിയാണ്. സാമ്പത്തികാവസ്ഥ ഇത്രമാത്രം മെച്ചപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഈ 12 പേരുടെയും ഒത്തൊരുമയും പരസ്പര വിശ്വാസവും കഷ്ടപ്പാടില്‍ തളരാത്ത മനസ്സും കൊണ്ട് മാത്രമാണ്.