* മേയ് 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

ഹരിതകേരളം മിഷൻ സംസ്ഥാനത്ത് ഇതുവരെ നടത്തിയ പുഴ പുനരുജ്ജീവന – ജലസംരക്ഷണ പ്രവർത്തനങ്ങളെ ആധാരമാക്കി ദേശീയതലത്തിൽ ‘ജലസംഗമം’ സംഘടിപ്പിക്കുമെന്ന് ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ മാസം 30, 31 തീയതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ സംഘടിപ്പിക്കുന്ന ജലസംഗമം – 2019 ന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ 30ന് വൈകിട്ട് മൂന്നിന് നിർവഹിക്കും. സംസ്ഥാനത്ത് നടന്ന മികച്ച ജലസംരക്ഷണ പ്രവർത്തനങ്ങൾ ജലസംഗമത്തിൽ അവതരിപ്പിക്കും. 29 മുതൽ ടാഗോർ തിയേറ്റർ വളപ്പിൽ ജലസംരക്ഷണം വിഷയമാക്കി സംഘടിപ്പിക്കുന്ന പ്രദർശനം തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്ത് നടന്നിട്ടുള്ള മികച്ച പ്രവർത്തനങ്ങൾ കണ്ടുവിലയിരുത്തുന്നതിന് തെരഞ്ഞെടുക്കപ്പെട്ടവർക്കായി മേയ് 29 ന് മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ സംയോജന പ്രവർത്തനങ്ങൾ, ആലപ്പുഴ കനാൽ ശുചീകരണ പ്രവർത്തനങ്ങൾ, കാട്ടാക്കട മണ്ഡലത്തിലെ ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ മനസിലാക്കാൻ ഫീൽഡ് വിസിറ്റും അനുബന്ധമായി സംഘടിപ്പിച്ചിട്ടുണ്ട്.
30ന് വൈകിട്ട് മൂന്നിന് നടക്കുന്ന ഉദ്ഘാടനചടങ്ങിൽ തദ്ദേശഭരണ മന്ത്രി എ.സി.മൊയ്തീൻ, ജലവിഭവ മന്ത്രി കെ.കൃഷ്ണൻകുട്ടി, കൃഷി മന്ത്രി വി.എസ്.സുനിൽ കുമാർ, സഹകരണ – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.


നദീ പുരുജ്ജീവനവും സുസ്ഥിരതാ വെല്ലുവിളികളും, പ്രാദേശിക ജലസ്രോതസ്സുകളും ജലസുരക്ഷാ പദ്ധതികളും, നഗരനീർച്ചാലുകളുടെ ശൃംഖലയും മലിനജല പരിപാലനവും എന്നീ വിഷയങ്ങളിൽ സംഘടിപ്പിച്ചിട്ടുള്ള സെമിനാറുകളിലാണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ സംബന്ധിച്ച അവതരണങ്ങൾ നടക്കുന്നത്.
ജലസംഗമത്തിൽ 30ന് രാവിലെ 10 മുതൽ നടക്കുന്ന സമാന്തര സെഷനുകളിലെ അവതരണങ്ങളോട് പ്രതികരിച്ചുകൊണ്ട് രാജ്യത്തെ വിവിധ ഐ.ഐ.ടി. കളിൽ നിന്നും മറ്റു ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുമുള്ള വിദഗ്ദ്ധർ സംസാരിക്കും.
തെലുങ്കാന സംസ്ഥാനത്തിലെ നെക്‌നാംബൂർ തടാകം, എറാക്കുട്ട തടാകം, പ്രഗതി നഗർ തടാകം മുതലായ വലിയ തടാകങ്ങളുടെ മാതൃകാപരമായി പുനരുജ്ജീവിപ്പിച്ച് സംരക്ഷിക്കുന്ന പരിസ്ഥിതി പ്രവർത്തക കൂടിയായ പിലാനി, കേന്ദ്ര ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവർത്തിച്ചിരുന്ന മധുലികാ ചൗധരി, നീർത്തട പരിപാലനം, സ്ഥലപര ആസൂത്രണം തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ദ്ധനായ റൂർക്കി ഐ.ഐ.ടി.യിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. മനോജ്.കെ.ജയിൻ, പ്രകൃതി വിഭവ സംരക്ഷണം, പുനസ്ഥാപനം, ജല  മലിനജല സംസ്‌കരണം, പാരിസ്ഥിതിക ആഘാത പഠനം എന്നിവയിൽ വിദഗ്ദ്ധനായ വിനോദ് താരെ തുടങ്ങിയവർ പങ്കെടുക്കും.
ഇവരെക്കൂടാതെ വിവിധ ഐ.ഐ.ടി.കളിൽ നിന്നുമുള്ള ഡോ.പി.ആതിര, ഡോ.എൻ.സി നാരായണൻ, ഡോ.ടി.എൽദോ, കോഴിക്കോട് എൻ.ഐ.ടി യിലെ സന്തോഷ് തമ്പി, ബാർട്ടൻഹിൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നുമുള്ള സുജ, ജലസംരക്ഷണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മാതൃകാ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുള്ള പ്രദീപ്കുമാർ, ജോയ് കെ.ജെ തുടങ്ങിയവർ പങ്കെടുക്കും. സി.ഡബ്ല്യു.ആർ.ഡി.എം, സി.ഡബ്ല്യു.സി, സി.ജി.ഡബ്ല്യു.ബി തുടങ്ങിയവയിൽ നിന്നുള്ള വിദഗ്ദ്ധരും പങ്കെടുക്കുന്നുണ്ട്.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും രണ്ടുവീതം പ്രതിനിധികളും ഉദ്യോഗസ്ഥരും സംഗമത്തിൽ പങ്കെടുക്കും.
31ന് നടക്കുന്ന പ്ലീനറി സെഷനിൽ സമാന്തര സെഷനിലെ അവതരണങ്ങളെയും തുടർന്നു നടക്കുന്ന ചർച്ചകളും ക്രോഡീകരിച്ചുള്ള അവതരണങ്ങളോട് വിദഗ്ദ്ധർ പ്രതികരിക്കും. ഇതിന്റെയടിസ്ഥാനത്തിൽ ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും. ധനകാര്യമന്ത്രി ഡോ.ടി.എം.തോമസ് ഐസക് ഈ സെഷന് നേതൃത്വം നൽകും. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിക്കും.
വാർത്താസമ്മേളനത്തിൽ ഹരിതകേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമയും പങ്കെടുത്തു.