കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പാലക്കാട് ജില്ലയില്‍ എച്ച് 1 എന്‍ 1 രോഗബാധിതരുടെ എണ്ണം കുറവാണെങ്കിലും പൊതുജനങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. 2019 ജനുവരി ഒന്നുമുതല്‍ മെയ് 26 വരെയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകളനുസരിച്ച് ജില്ലയില്‍ 19 പേര്‍ക്കാണ് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചത്. ഷൊര്‍ണ്ണൂര്‍ നഗരസഭാ പരിധിയിലും കുമ്പിടി പഞ്ചായത്ത് പരിധിയിലുമായി രണ്ടുമരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 43 പേര്‍ക്കാണ് എച്ച് 1 എന്‍ 1 രോഗം സ്ഥിരീകരിച്ചിരുന്നത്. മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രോഗലക്ഷണങ്ങള്‍:
വായുവില്‍ കൂടി പകരുന്ന എച്ച് 1 എന്‍ 1 പനിക്ക് കാരണം ഇന്‍ഫ്ളുവന്‍സ വൈറസാണ്. തുടര്‍ച്ചയായ തുമ്മല്‍, പനി, തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ഛര്‍ദി എന്നിവയാണ് ലക്ഷണങ്ങള്‍.
രോഗപ്പകര്‍ച്ച തടയാന്‍:
*തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായ്, മൂക്ക് എന്നിവ തുവാല ഉപയോഗിച്ച് മറയ്ക്കുക.
*കൈകള്‍ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക.
*പനി ഉണ്ടെങ്കില്‍ മറ്റുള്ളവരില്‍ നിന്നും അകലം പാലിക്കുകയും പൊതുസ്ഥലങ്ങള്‍, സ്‌കൂള്‍, ജോലിസ്ഥലങ്ങള്‍, എന്നിവിടങ്ങളില്‍ പോകാതിരിക്കുകയും ചെയ്യുക.
*കൊച്ചുകുട്ടികളെ അംഗനവാടികള്‍, ക്രഷ് എന്നിവിടങ്ങളില്‍ വിടാതിരിക്കുക.
*കഞ്ഞിവെള്ളം, തിളപ്പിച്ചാറ്റിയ പാനീയങ്ങള്‍ തുടങ്ങിയവ ധാരാളം കുടിക്കുകയും പോഷകപ്രദമായ ഭക്ഷണം കഴിക്കുകയും വേണ്ടത്ര വിശ്രമിക്കുകയും ചെയ്യുക.
*ഗര്‍ഭിണികള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം (ബിപി) ഉള്ളവര്‍, നീണ്ടകാല രോഗമുള്ളവര്‍ (കരള്‍, വൃക്കരോഗങ്ങള്‍, കാന്‍സര്‍) തുടങ്ങിയവര്‍ ചെറിയ ജലദോഷമാണെങ്കില്‍ പോലും ഡോക്ടറെ സമീപിക്കണം.
വളരെ എളുപ്പത്തില്‍ ചികിത്സിക്കാവുന്ന ഒന്നാണ് എച്ച് 1 എന്‍ 1 പനി. പ്രത്യേക ലാബ് പരിശോധനകള്‍ ഇതിന് ആവശ്യമില്ല. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും എച്ച് 1 എന്‍ 1 പനിയ്ക്ക് സൗജന്യ ചികിത്സ ലഭ്യമാണ്. തുടക്കത്തിലെ ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാക്കാന്‍ കഴിയുന്ന രോഗമാണിതെന്ന് അധികൃതര്‍ അറിയിച്ചു.