ആലങ്ങാട്: മഴയ്ക്ക് മുമ്പേ പകർച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ വിവിധ പഞ്ചായത്തുകൾ. ആലങ്ങാട് ബ്ലോക്കിനു കീഴിലെ ആലങ്ങാട്, കരുമാലൂർ, വരാപ്പുഴ, കടുങ്ങല്ലൂർ എന്നീ പഞ്ചായത്തുകളിൽ എല്ലാം ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നു. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ ആണ് എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

പകർച്ചവ്യാധികൾ പെരുകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തി മഴയ്ക്കു മുൻപേ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് തലത്തിൽ യോഗങ്ങൾ ചേർന്ന് പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന് സ്വീകരിക്കേണ്ട മാനദണ്ഡങ്ങളെ കുറിച്ച് ചർച്ച ചെയ്തു. പഞ്ചായത്ത് തലത്തിൽ വാർഡ് തല സമിതികൾ സജീവമാക്കി. തൊഴിലുറപ്പ് പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയെ സംയോജിപ്പിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് തലത്തിൽ നടന്നു വരുന്നത്.

വ്യവസായ മേഖല ആയതിനാൽ ഇത്തരം പ്രദേശങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിയാണ് പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന ഭാഗങ്ങളിൽ ബോധവൽക്കരണ ക്ലാസുകളും ശുചീകരണ പ്രവർത്തനങ്ങളും ആശാ വർക്കർമാർ കുടുംബശ്രീ പ്രവർത്തകർ എന്നിവയുടെ സഹകരണത്തോടെ നടത്തിവരികയാണ്. പൊതു സ്ഥലങ്ങളിൽ നിന്നും കാനുകളിൽ നിന്നുമുള്ള മാലിന്യങ്ങളും നീക്കം ചെയ്തു.

പഞ്ചായത്തിനു കീഴിലെ 20 വാർഡുകളിലും തൊഴിലുറപ്പ്, കുടുംബശ്രീ, മറ്റു സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടപ്പിലാക്കി വരുന്നത്. അവശേഷിക്കുന്ന പിഡബ്ല്യുഡി റോഡിലെ ശുചീകരണ പ്രവർത്തനങ്ങൾ ഈ ആഴ്ചയോടെ പൂർത്തീകരിക്കും.

പഞ്ചായത്തിനു കീഴിലെ 21 വാർഡുകളിലും വാർഡ് തല കമ്മിറ്റികൾ രൂപീകരിച്ച് ആലങ്ങാട് പഞ്ചായത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ആശാവർക്കർമാരെ നിയോഗിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കിനെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും യും പൊതുഇടങ്ങൾ വൃത്തിയാക്കുകയും ചെയ്തു. ശുചീകരണ പ്രവർത്തനങ്ങളുടെ ഇതുവരെയുള്ള നടപടികൾ പരിശോധിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും ആയി ഈ മാസം 29ന് പഞ്ചായത്തുതലത്തിൽ യോഗം ചേരും.

വരാപ്പുഴ മാർക്കറ്റ് ഉൾപ്പെടെയുള്ള പൊതു സ്ഥലങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. എല്ലാ പഞ്ചായത്തുകളിലും കിണർ ക്ലോറിനേഷനും ആശാവർക്കർമ്മാർക്ക് മാർഗ്ഗനിർദ്ദേശം നൽകി നടന്നുവരികയാണ്.

കാനകളിൽ ഹോട്ടൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് തടയുക. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഉപയോഗങ്ങൾ കുറയ്ക്കുക, തോട്ടങ്ങളും അഥിതി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളും അക്രി കടകളും സന്ദർശിക്കുക. റബർതോട്ടങ്ങളിൽ ചിരട്ടകളിൽ വെള്ളം കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പെരുകുന്നതിനുള്ള സാധ്യതയുണ്ടോ എന്ന് പരിശോധിക്കുക എന്നിങ്ങനെ വിപുലമായ രീതിയിൽ ശുചീകരണ പ്രവർത്തനങ്ങൾ എല്ലാ പഞ്ചായത്തുകളിലും പുരോഗമിക്കുകയാണ്.

ഗാർഹികം, സ്ഥാപനം, പൊതു തലം എന്നിങ്ങനെ മൂന്നായി തരംതിരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 50 വീടിന് ഒരു ക്ലസ്റ്റർ എന്ന നിലയിൽ വാർഡ് അടിസ്ഥാനത്തിൽ ശുചിത്വ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. 200 വീടിന് ഒരു കൺവീനറെയും നിയോഗിച്ചിട്ടുണ്ട്.