കോതമംഗലം: മഴക്കാല പൂർവ്വ പ്രതിരോധ പ്രവർത്തനങ്ങൾ ചിട്ടയോടെ നടത്തി മാതൃക സൃഷ്ടിക്കുകയാണ് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്. ഇതിന്റെ ഭാഗമായി ബ്ലോക്കിന് കീഴിലെ പത്ത് പഞ്ചായത്തുകളിലും സജീവമായ നിരവധി പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പും ജനപ്രതിനിധികളും സംയുക്തമായി നടത്തുന്നത്. പ്രവർത്തനങ്ങളുടെ ആദ്യ ഘട്ട പ്രവർത്തനമെന്ന നിലയിൽ ബ്ലോക്ക് – പഞ്ചായത്ത് – വാർഡു തലങ്ങളിൽ വിവിധ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു. ഇതിന് ശേഷം വാർഡു തലത്തിലുള്ള ആരോഗ്യ- ശുചീകരണ കമ്മറ്റികൾ പുനസംഘടിപ്പിച്ചു. തുടർന്ന് ഓരോ വാർഡുകളിൽ നിന്നും സന്നദ്ധ പ്രവർത്തനത്തിന് താൽപര്യമുള്ളവരെ ചേർത്ത് ആരോഗ്യ സേന രൂപീകരിക്കുകയും ഇവർക്കാവശ്യമായ പരിശീലനം നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് ശുചീകരണ പ്രവർത്തനങ്ങളുടെ ഔദ്യോഗീക ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചത്. മെയ് 11, 12 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പത്ത് പഞ്ചായത്തുകളിലും പൊതു ഇടങ്ങളിൽ ശുചീകരണം നടത്തി. ദേശീയ ഡെങ്കു ദിനാചരണത്തിന്റെ ഭാഗമായി എല്ലാ പഞ്ചായത്തുകളിലും സെമിനാറുകളും ഭവന സന്ദർശനവും നടത്തി. ഡെങ്കുപ്പനി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും കൊതുക് നശീകരണത്തെ കുറിച്ചും ജനങ്ങളെ ബോധവൽക്കരിച്ചു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും പരിശോധന നടത്തുന്ന നടപടിയും പുരോഗമിക്കുകയാണ്. പഞ്ചായത്തുകളിലെ തോട്ടമുടമകളെ വിളിച്ചു ചേർത്ത് ബോധവൽക്കരണം നൽകുകയും ചെയ്തിട്ടുണ്ട്. തോട്ടങ്ങളിലെ കൊതുകിന്റെ ഉറവിട നശീകരണമടക്കമുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. പഞ്ചായത്തുകളിൽ നടന്ന് വരുന്ന കിണറുകളുടെ ശുചീകരണം ( ക്ലോറിനേഷൻ) ചൊവ്വാഴ്ച സമാപിക്കും. ഇതോടെ ശുദ്ധജലം ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും വീടുകളിൽ സന്ദേശമെത്തിക്കുന്നുണ്ട്. സന്നദ്ധ പ്രവർത്തകർക്ക് പുറമേ ആശാ വർക്കർമാരും തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരുമെല്ലാം വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നുണ്ട്. ബ്ലോക്കിന് കീഴിലെ പത്ത് പഞ്ചായത്തുകളെ രണ്ട് ഹെൽത്ത് ബ്ലോക്കായി തിരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിൽ വാരപ്പെട്ടി, നെല്ലിക്കുഴി, പിണ്ടിമന, കോട്ടപ്പടി, കിരമ്പാറ, കുട്ടമ്പുഴ പഞ്ചായത്തുകൾ വാരപ്പെട്ടി ഹെൽത്ത് ബ്ലോക്കിലും പല്ലാരിമംഗലം, കവളങ്ങാട്, പോത്താനിക്കാട്, പൈങ്ങോട്ടുർ പഞ്ചായത്തുകൾ പല്ലാരിമംഗലം ഹെൽത്ത് ബ്ലോക്കിലും ഉൾപ്പെടുന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ വിവിധ ആദിവാസി കുടി കളിൽ മെഡിക്കൽ ക്യാമ്പുൾപ്പടെയുള്ള പ്രവർത്തനങ്ങളും നടത്തി. ആദിവാസി കുടി കളിൽ നിന്ന് തെരഞ്ഞെടുത്ത് പരിശീലനം നൽകിയ ആശ വർക്കർമാരും ഇതിനായി രംഗത്തുണ്ട്. ഉറിയം പെട്ടിയിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച ആദിവാസി സംരക്ഷണ കേന്ദ്രമാണ് പ്രവർത്തനങ്ങൾ സജീവമാക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷീദ സലീം അടക്കമുള്ള ജന പ്രതിനിധികളും ഹെൽത്ത് സൂപ്പർ വൈസർ ടി.എം.ഷാജി അടക്കമുള്ള ഉദ്യോഗസ്ഥരുമാണ് ഇവിടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ഫോട്ടോ അടിക്കുറിപ്പ്:

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ മഴക്കാല പൂർവ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പ്രവർത്തനങ്ങൾ