കാസര്‍കോട് മെഡിക്കല്‍ കോളേജ് അക്കാദമിക് കെട്ടിടത്തിന്റെ പ്രവൃത്തി 95 ശതമാനം പൂര്‍ത്തിയാക്കി. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയാണ് നിര്‍മ്മാണം നടക്കുന്നത്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ മെഡിക്കല്‍ കോളേജ് പ്രവൃത്തികളുടെ അവലോകന യോഗം കളക്ടറുടെ ചേംബറില്‍ ചേര്‍ന്നു.
നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ച് വരുന്ന ഹോസ്പിറ്റല്‍ ബ്ലോക്കിന്റെ രണ്ടാം നിലയുടെ കോണ്‍ക്രീറ്റ് പ്രവൃത്തി പൂര്‍ത്തിയായതായി കിറ്റ്‌കോയുടെ പ്രതിനിധി അറിയിച്ചു. ഈ കെട്ടിടത്തിന്റെ സൗകര്യം ഉപയോഗിച്ച് സ്‌പെഷലൈസ്ഡ് ഒ.പി വിഭാഗം ആരംഭിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു. മഴവെള്ളം ഉപയോഗിച്ച് ഭൂഭര്‍ഗ ജല ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന പ്രൊജക്ട് ലഭ്യമാക്കാന്‍ ഗ്രൗണ്ട് വാട്ടര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജില്ലാ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഊര്‍ജ ലഭ്യത, പാരമ്പര്യേതര ഊര്‍ജ സ്രോതസ്സ് പ്രയോജനപ്പെടുത്തല്‍ എന്നിവ സംബന്ധിച്ച് കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ക്കും കിറ്റ്‌കോയും പ്രൊജക്ടുകള്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം നല്‍കി. ടീച്ചിങ്, നോണ്‍ ടീച്ചങ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മാണം, ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണം എന്നിവയ്ക്ക് ആവശ്യമായ തുക കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച തുകയില്‍ നിന്നു കണ്ടെത്തും. മെഡിക്കല്‍കോളേജ് ആരംഭിക്കുന്നതിന് ഇനി ഏതൊക്കെ പ്രവൃത്തികളാണ് ആരംഭിക്കേണ്ടതെന്നും അതിന് ആവശ്യമായ തുക എത്ര വേണ്ടി വരുമെന്നും പ്രൊജക്ട് തയ്യാറാക്കാന്‍ പ്രൊജക്ട് കണ്‍സള്‍ട്ടന്റായ കിറ്റ്‌കോ അധികൃതര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
യോഗത്തില്‍ കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, കെഎസ്ഇബി എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ പി ജയകൃഷ്ണന്‍, കിറ്റ്‌കോ കണ്‍സള്‍ട്ടന്റ് ടോം ജോസ്, ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍ ടി ഗംഗാധരന്‍ , കെഎസ്പിസിബി അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
