മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാതല ടാസ്‌ക്ക് ഫോഴ്‌സ് പുന:സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി ബ്ലോക്ക് കണ്‍വീനര്‍മാരെയും ജനറല്‍ കണ്‍വീനറെയും തിരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനറായി കുമ്പള ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ് മഹേഷ് ചുമതല വഹിക്കും(ഫോ. 9447010126)
മഴക്കാലത്ത് മഞ്ഞപിത്തം, ടൈഫോയ്ഡ്, കോളറ മുതലായ അസുഖങ്ങള്‍, മലിനമായ വെള്ളം, ആഹാരം എന്നിവ വഴി പകരും. കൂടാതെ ജന്തുജന്യവും പ്രാണിജന്യവുമായ എലിപ്പനി, ഡെങ്കിപ്പനി മുതലായ അസുഖങ്ങളും വരുവാന്‍ കൂടുതല്‍ സാധ്യതയുള്ള കാലമാണ്. ദഹനകുറവ്, വാത രോഗങ്ങള്‍ എന്നിവയും ഈ കാലത്ത് കൂടുതലായി കാണാം. മഴക്കാല പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ ക്ലാസ്സുകള്‍, പ്രചാരണ പരിപാടികള്‍, രോഗം വന്നാല്‍ ചികിത്സിക്കാനാവശ്യമായ മരുന്നുകള്‍ എന്നിവ പഞ്ചായത്ത് തലത്തില്‍ എത്തിക്കുന്നതിന് കണ്‍വീനര്‍മാരെ ചുമതലപ്പെടുത്തി. വ്യക്തിശുചിത്വം പാലിക്കുക, പരിസരശുചീകരണം നടത്തുക. ആഴ്ചയില്‍ ഒരു ദിവസം സ്ഥാപനങ്ങളിലും വീടുകളിലും ഡ്രൈ ഡേ ആചരിക്കണം. അപരാജിത ധൂപചൂര്‍ണ്ണം ഉപയോഗിച്ച് എല്ലാ ദിവസവും വൈകുന്നേരം വീടുകളില്‍ പുകയ്ക്കുക. അന്തരീക്ഷ ശുചീകരണത്തിനും കൊതുകുകളുടെ വ്യാപനം തടയുന്നതിനും ഇത് സഹായിക്കും. പഞ്ചായത്ത് തലത്തിലുള്ള എല്ലാ സര്‍ക്കാര്‍ ആയുര്‍വേദ സ്ഥാപനങ്ങളിലും ഈ ധൂപചൂര്‍ണ്ണം എത്തിക്കുന്നതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
പ്രത്യേകം ശ്രദ്ധിക്കേണ്ടവ
• രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം മരുന്ന് കഴിക്കുക.
• കുടിവെള്ളം തിളപ്പിച്ചാറിയതിന് ശേഷം മാത്രം ഉപയോഗിക്കുക. വെള്ളം തിളപ്പിക്കുന്നതിന് ചുക്ക്, ജീരകം, ഉപയോഗിക്കാം. മഴക്കാലത്ത് പതിമുകം, മല്ലി എന്നിവ ഒഴിവാക്കുക. തണുപ്പിച്ച വെള്ളം, ജ്യൂസ്, കോള എന്നിവ ഒഴിവാക്കുക.
• ഭക്ഷണ സാധനങ്ങള്‍ അടച്ച് സൂക്ഷിക്കുക.
• കൈ വൃത്തിയായി കഴുകിയതിനുശേഷം ഭക്ഷണം കഴിക്കുക.
• അസുഖ ലക്ഷണം കണ്ടാല്‍ കഠിനാധ്വാനം, യാത്ര ഇവ ഒഴിവാക്കുക.
• അമിതമായതും ദഹിക്കുവാന്‍ പ്രയാസമുള്ളതുമായ ആഹാരം, പൊറോട്ട, ബിരിയാണി, മൈദ ചേര്‍ന്ന ഭക്ഷ്യവസ്തുക്കള്‍, കടല, തൈര്, ബേക്കറി പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുക.
• ചെറുപയര്‍, ഗോതമ്പ്, തേന്‍, വാഴക്കൂമ്പ്, ചേന, പടവലം, കാച്ചിയ മോര്, രസം ഇവ കൂടുതലായി ഉപയോഗിക്കുക
• പകലുറക്കം പാടില്ല. മിതമായി മാത്രം വ്യായമം ചെയ്യുക. തണുത്തകാറ്റ് ഏല്‍ക്കരുത്. പാദരക്ഷകള്‍ ഉപയോഗിക്കുക.
