ദേവികുളം ആകാശവാണിയും പഞ്ചായത്തു വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്ന് ഒരുക്കുന്ന ജനസമക്ഷം- ഇടുക്കി ജില്ലയിലെ പഞ്ചായത്തുകളിലൂടെ ഒരു പര്യടനം എന്ന പ്രക്ഷേപണ പരമ്പരയുടെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ മൂന്നിനു ഉച്ചയ്ക്ക് രണ്ടിന് മുരിക്കാശേരി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. റോഷി അഗസ്റ്റ്യന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വൈദ്യുതി വകുപ്പു മന്ത്രി എം എം മണി ഉദ്ഘാടനം നിര്‍വഹിക്കും.
ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു മാതൃകയാകുന്ന തരത്തില്‍ അനവധി പദ്ധതികള്‍ ഏറ്റെടുക്കുകയും നടപ്പിലാക്കി വരുകയും ചെയ്യുന്നുണ്ട്. ഇത്തരം പദ്ധതികള്‍ ബഹുജനങ്ങളില്‍ എത്തിക്കുന്നതിനും പുതിയ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുന്നതിനും പഞ്ചായത്തുകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പൊതുജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കുന്നതിനും പരിഹാരവുമാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഉദ്ഘാടന യോഗത്തില്‍ വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി കെ. രാജു സ്വാഗതം ആശംസിക്കും. ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് സി. കൃഷ്ണകുമാര്‍ പരിപാടി വിശദീകരിക്കും. ഇടുക്കി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി മുക്കാട്ട്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ.ടി. ബിനു, ആകാശവാണി ദേവികുളം നിലയം മേധാവി ബി. സുരേഷ്ബാബു, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. കുര്യാക്കോസ് എന്നിവരും വിവിധ ജനപ്രതിനിധികളും ആശംസകളര്‍പ്പിക്കും.
