മുളന്തുരുത്തി: ഒരു ഘട്ടത്തിൽ അണഞ്ഞു പോകുമെന്ന് കരുതിയ നാടിന്റെ അക്ഷരദീപം തിരിതെളിയിച്ച് എടുക്കുകയാണ് മണീട് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന് കീഴിലെ 114 വർഷം പഴക്കമുള്ള ഏഴക്കരനാട് ഗവ. അപ്പർ പ്രൈമറി സ്കൂൾ സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ നയത്തിലൂന്നി തിരിച്ചുവരവിന്റെ പാതയിലാണ്.
അഞ്ചുവർഷം മുൻപ് പത്ത് കുട്ടികളുമായി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വിദ്യാലയം ഈ വർഷം പ്രീപ്രൈമറി വിഭാഗം ഉൾപ്പെടെ 76 കുട്ടികളുമായി തിരിച്ചുവരവിന്റെ പാതയിലാണ്. അർപ്പണമനോഭാവമുള്ള അധ്യാപകരുടെയും വിദ്യാലയം സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന നാട്ടുകാരുടെയും ശ്രമങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ കുട്ടികളുടെ വരവ്. മണീട് ഗ്രാമപഞ്ചായത്ത് 5.50 ലക്ഷം രൂപ ചെലവിൽ വിദ്യാലയത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തി. സ്മാർട്ട് ക്ലാസ്മുറി ഉൾപ്പെടെ ഉറപ്പാക്കിയാണ് നവീകരണ പ്രവർത്തികൾ പൂർത്തിയാക്കിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യവും അതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഐ.ടി അറ്റ് സ്കൂൾ, വിവിധ പാഠ്യ, പാഠ്യേതര പദ്ധതികൾ എന്നിവ വിശദീകരിച്ച് അദ്ധ്യാപകരും സ്കൂൾ വികസന അതോറിറ്റിയും ജനങ്ങൾക്കിടയിൽ നടത്തിയ പ്രചാരണ പ്രവർത്തനങ്ങളുടെ വിജയം കൂടിയാണ് വിദ്യാലയത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ വർഷങ്ങളിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് കുട്ടികളുടെ എണ്ണത്തിലെ വർദ്ധനവെന്ന് പ്രധാന അധ്യാപക റൂബി പോൾ പറഞ്ഞു.
വിവിധ വ്യകതികൾ, സാമൂഹിക, സാംസ്കാരിക, സാമുദായിക സംഘടനകൾ, അംഗൻവാടികൾ എന്നിവരുടെയെല്ലാം കൂട്ടായ പരിശ്രമം വിദ്യാലയത്തിന്റെ തിരിച്ച് വരവിന് സഹായകമായി. സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള കുട്ടികൾക്കും ഗുണനിലവാരമുള്ള വദ്യാഭ്യാസം ഉറപ്പാക്കുകയാണ് ഈ വിദ്യാലയം. കുട്ടികളുടെ പെരുമാറ്റത്തിൽ ഉൾപ്പെടെ കാണുന്ന ചെറിയ മാറ്റങ്ങൾ രക്ഷകർത്താക്കളുടെ ശ്രദ്ധയിൽപെടുത്തി പഠന നിലവാരം ഉറപ്പാക്കുന്ന വിദ്യാലയത്തിന്റെ പ്രവർത്തന രീതികൾക്കുള്ള അംഗീകാരം കൂടിയാണ് ഈ വർഷത്തെ പുതിയ കുട്ടികളുടെ വർദ്ധനവ്.
ക്യാപ്ഷൻ
പുനരുജ്ജീവിക്കപ്പെട്ട ഏഴക്കരനാട് ഗവ. യു.പി സ്കൂൾ.