സഹകരണ വായ്പാ മേഖലയില്‍ നിക്ഷേപ തോത് വര്‍ധിപ്പിക്കുന്നതിനായി 2018 ജനുവരി 10 മുതല്‍ ഫെബ്രുവരി 9 വരെ നിക്ഷേപ സമാഹരണ യജ്ഞം സംഘടിപ്പിക്കുന്നു. ‘സഹകരണ നിക്ഷേപം നവകേരള നിര്‍മ്മിതിക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന 38ാമത് സഹകരണ നിക്ഷേപ സമാഹരണ ക്യാമ്പയിനിലൂടെ അയ്യായിരം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഓരോ ജില്ലയ്ക്കും പ്രത്യേക നിക്ഷേപ സമാഹരണ ലക്ഷ്യം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കുന്നതിന് സഹകരണ സംഘം രജിസ്ട്രാര്‍ അനുമതി നല്‍കിയിട്ടുള്ള പ്രാഥമിക സഹകരണ സംഘങ്ങള്‍ മുതല്‍ സംസ്ഥാന സഹകരണ ബാങ്ക് വരെ ഈ നിക്ഷേപ സമാഹരണ യജ്ഞത്തില്‍ പങ്കാളിയാകും. കൂടുതലാളുകളെ സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമാക്കുന്നതിന് ഭവന സന്ദര്‍ശനം വഴി നടത്തുന്ന നിക്ഷേപ സമാഹരണ യജ്ഞ പ്രചാരണം ഉപകരിക്കുമെന്നും സഹകരണ മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതികള്‍ ആരംഭിക്കും. ഭാവിയിലെ സഹകാരികളായി യുവാക്കളെയും വിദ്യാര്‍ത്ഥികളെയും മാറ്റുന്നതിനായി സഹകരണ സംഘങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികളെയും നിക്ഷേപ പദ്ധതിയില്‍ അംഗങ്ങളാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും പ്രചാരണ പരിപാടിയില്‍ സജീവമായി പങ്കെടുക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം 2018 ജനുവരി 10 ബുധനാഴ്ച കൊല്ലം ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടത്തും.