മഹാകവി മൊയിന്‍കുട്ടി വൈദ്യരുടെ ചരമ വാര്‍ഷികത്തില്‍ സംഘടിപ്പിക്കുന്ന വൈദ്യര്‍ മഹോത്സവത്തിന് തിരുവനന്തപുരം മാനവീയം വീഥിയില്‍ തുടക്കമായി. മുന്‍ സാംസ്‌ക്കാരിക വകുപ്പു മന്ത്രി എം.എ. ബേബി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനവീയം ഇശലിമ്പം എന്ന പേരില്‍ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയില്‍ 25 നും എറണാകുളം പെരുമ്പാവൂരില്‍ 26 നും പരിപാടികള്‍ അവതരിപ്പിച്ച്  27 ന് കൊണ്ടോട്ടിയിലെത്തും. വൈദ്യര്‍ മാപ്പിള കലാ അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ബഹുസ്വരതയുടെ നാനാര്‍ത്ഥങ്ങള്‍ എന്ന വിഷയത്തില്‍ എം.എ. ബേബി പ്രഭാഷണം നടത്തി. ഇശല്‍ പൈതൃകം ത്രൈമാസികയുടെ പ്രകാശനം ബെറ്റി ലൂയിസ് ബേബി നിര്‍വ്വഹിച്ചു. മഹാകവി മൊയിന്‍കുട്ടി വൈദ്യരുടെ ഹുസ്‌നൂല്‍ ജമാല്‍ ബദ്‌റൂല്‍ മുനീര്‍ എന്ന കാവ്യത്തിന്റെ ഇംഗ്ലീഷ് പതിപ്പ് പൂവച്ചല്‍ ഖാദര്‍ പ്രകാശനം ചെയ്തു. കെ.ഒ. ഷംസുദ്ദീന്റെ അറബി മലയാളം ഗ്രന്ഥ ശേഖരം മാപ്പിള കലാ അക്കാദമിക്ക് ചടങ്ങില്‍ കൈമാറി. ഡോ. എസ്. ഷിഫയില്‍ നിന്നും
ടി.കെ. ഹംസ പുസ്തകങ്ങള്‍ സ്വീകരിച്ചു. തുടര്‍ന്ന് മാനവീയം ഇശലിമ്പം എന്ന പേരില്‍ സിനിമ – നാടക – മാപ്പിള പാട്ടുകളുടെ അവതരണവും ഉണ്ടായിരുന്നു.