– ശബരിമലയ്‌ക്കെതിരായ കുപ്രചാരണം ഭക്തർ തള്ളി
– 20 കോടി രൂപയുടെ അധികവരുമാനം
ശബരിമല: മകരവിളക്ക് തീർഥാടനത്തിനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സന്നിധാനത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കർണാടകയിൽ രാജ്യംഭരിക്കുന്ന ദേശീയപാർട്ടി നടത്തുന്ന ശബരിമല വിരുദ്ധ പ്രചാരണങ്ങൾ ഭക്തർ തള്ളി. ശബരിമലയിൽ കാണിക്കയർപ്പിക്കുന്ന പണം ഭരിക്കുന്ന പാർട്ടി വിനിയോഗിക്കുന്നു എന്നതടക്കമുള്ള പ്രചാരണമാണ് നടന്നത്. അതിനാൽ കാണിക്കയിടരുത് എന്നതടക്കമുള്ള പ്രചാരണം നടത്തി. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ ശബരിമലയിലെത്തി. 20 കോടി രൂപയുടെ അധികവരുമാനം ലഭിച്ചു. ഡിസംബർ 25 വരെ 168.30 കോടി രൂപയാണ് വരുമാനം. കഴിഞ്ഞവർഷം ഇത് 148.84 കോടിയാണ്. ശബരിമലയിലെ നയാപൈസ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിക്കില്ല. ദേവസ്വംബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങൾക്കുവേണ്ടിയാണ് ചെലവഴിക്കുക.
അപ്പവും അരവണയും ഭക്തരുടെ ആവശ്യത്തിനനുസരിച്ച് നൽകുന്നു. ആവശ്യത്തിന് മരുന്ന് സ്‌റ്റോക്കുണ്ട്. രണ്ടരലക്ഷത്തോളം പേർ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി. 18 എമർജൻസി സെന്ററുകൾ പ്രവർത്തിച്ചു. മണ്ഡലകാലത്തിനുശേഷം നടതുറക്കുന്നതിന് മുമ്പ് വാട്ടർ അതോറിറ്റി ടാങ്കുകളും ആർ.ഒ. പ്ലാന്റുകളും വൃത്തിയാക്കും. വനംവകുപ്പ് 242 പാമ്പുകളെ പിടികൂടി കാട്ടിലേക്ക് അയച്ചു. മകരവിളക്ക് തീർഥാടനത്തിന്റെ ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരും. വിവിധ വകുപ്പുകളും ദേവസ്വംബോർഡ് ഉദ്യോഗസ്ഥരും മികച്ച നിലയിൽ പ്രവർത്തിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുത്തോ പമ്പയിലോ മകരവിളക്ക് അവലോകനയോഗം ചേരും-മന്ത്രി പറഞ്ഞു.
ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ, ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ജില്ലാ കളക്ടർ ആർ. ഗിരിജ, ദേവസ്വം ബോർഡ് അംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, ദേവസ്വംകമ്മിഷണർ സി.പി. രാമരാജ പ്രേമ പ്രസാദ്, പി.ആർ.ഒ. മുരളി കോട്ടയ്ക്കകം എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.