ശബരിമല: സംസ്ഥാന സർക്കാരിന്റെ ഹരിവരാസനം പുരസ്‌കാരം മലയാളത്തിന്റെ വാനമ്പാടി കെ.എസ്് ചിത്രയ്ക്ക്. മതസൗഹാർദ്ദത്തിനും ദേശീയോദ്ഗ്രഥനത്തിനും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് ചിത്രയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തതെന്ന് സന്നിധാനത്ത് വാർത്താസമ്മേളനത്തിൽ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങിയ പുരസ്‌കാരം ജനുവരി 14ന് രാവിലെ 10ന് സന്നിധാനത്ത് സമ്മാനിക്കും. കെ.എസ്. ചിത്രയുടെ ഗാനാർച്ചനയും നടക്കും.
ഉന്നതാധികാര സമിതി ചെയർമാൻ ജസ്റ്റിസ് എസ്. സിരിജഗൻ ചെയർമാനും ദേവസ്വം വകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ദേവസ്വം കമ്മിഷണർ സി.പി. രാമരാജ പ്രേമ പ്രസാദ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാരജേതാവിനെ നിർണയിച്ചത്. 2012 മുതലാണ് ഹരിവരാസനം പുരസ്‌കാരം നൽകിവരുന്നത്. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, ജയൻ, എസ്.പി. ബാലസുബ്രഹ്മണ്യം, എം.ജി. ശ്രീകുമാർ, ഗംഗൈ അമരൻ എന്നിവരാണ് മുമ്പ് പുരസ്‌കാരത്തിന് അർഹരായവർ.