– വ്യൂ പോയിന്റുകളിൽ പരിശീലനം നേടിയ ഉദ്യോഗസ്ഥരെ നിയോഗിക്കും
– തിരുവാഭരണ പാതയിലും വ്യൂ പോയിന്റുകളിലും ക്രമീകരണങ്ങളൊരുക്കിത്തുടങ്ങി
ശബരിമല: മകരവിളക്ക് തീർഥാടനത്തിനായി ജില്ലാ കളക്ടർ ആർ. ഗിരിജയുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിത്തുടങ്ങി. ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്ടറുടെ അധ്യക്ഷതയിൽ ജനുവരി മൂന്നിന് രാവിലെ 10.30ന് കളക്ടറേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്വയംഭരണസ്ഥാപന അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും യോഗം ചേരും.
എട്ടു വ്യൂ പോയിന്റുകളിൽ മകരവിളക്ക് ദിവസം ആവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനായി ഡിസംബർ 31, ജനുവരി ഒന്ന് തീയതികളിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റി, പൊലീസ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകുമെന്ന് കളക്ടർ ആർ. ഗിരിജ പറഞ്ഞു. ഇതനുസരിച്ച് വഴിവിളക്ക്, കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ബാരിക്കേഡ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങളും തദ്ദേസ്വയംഭരണസ്ഥാപനങ്ങളുടെയും പൊലീസിന്റെയും സഹകരണത്തോടെ ഏർപ്പെടുത്തും. വ്യൂപോയിന്റുകളിൽ നിയോഗിക്കുന്ന റവന്യൂ ഉദ്യോഗസ്ഥർക്ക് ഡിസംബർ 10ന് പ്രത്യേക പരിശീലനം നൽകും. തിരക്ക് ഏറിയാൽ സുരക്ഷയ്ക്കായി ചെയ്യേണ്ട കാര്യങ്ങൾ, കുടിവെള്ളവും മറ്റും കാര്യക്ഷമമായി വിതരണം ചെയ്യൽ തുടങ്ങിയവയിലാണ് പരിശീലനം.
തിരുവാഭരണ പാതയിൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചു. പന്തളം നഗരസഭയുടെയും ചെറുകോൽ, കുളനട, മെഴുവേലി, ആറന്മുള, വല്ലപ്പുഴശേരി, കോഴഞ്ചേരി, അയിരുർ, വടശേരിക്കര, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തുകളുടെയും ആഭിമുഖ്യത്തിലാണ് വഴിവിളക്ക്, തീർഥാടകർക്കുള്ള സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തുക. ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. കുടിവെള്ള വിതരണത്തിന് അയ്യപ്പസേവാ സംഘത്തെ ചുമതലപ്പെടുത്തിയതായും കളക്ടർ പറഞ്ഞു.