നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിലെ വൊക്കേഷണൽ ഗൈഡൻസ് വിഭാഗവും കേരള അക്കാദമി ഫോർ സ്‌കിൽസ് എക്‌സ്‌ലൻസും സംയുക്തമായി എസ്.എസ്.എൽ.സി മുതൽ വിവിധ തലങ്ങളിലുളള വിദ്യാർത്ഥികളുടെ ഉന്നതപഠനത്തിനും കരിയർ ആസൂത്രണം ചെയ്യുന്നതിനുമായി തയ്യാറാക്കിയ കരിയർ ജാലകം ലഘുലേഖയുടെയും എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന പി.എസ്.സി ഫെസിലിറ്റേഷൻ സെന്ററുകളുടെയും സംസ്ഥാനതല ഉദ്ഘാടനവും, നാഷണൽ എംപ്ലോയ്‌മെന്റ് സർവീസ് വകുപ്പിന്റെ നിയമാവലികളും ചട്ടങ്ങളും നിർദ്ദേശങ്ങളും വിവിധ ഉത്തരവുകളും സർക്കുലറുകളും ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്ന അഞ്ച് വാല്യങ്ങളുളള ഗ്രന്ഥത്തിന്റെ പ്രകാശനവും 14ന് നടക്കും.
വഴുതയ്ക്കാട് ഗവ. വിമൻസ് കോളേജിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങ് തൊഴിലും നൈപുണ്യവും മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വി.എസ്.ശിവകുമാർ എം.എൽ.എ അധ്യക്ഷത വഹിക്കും. പി.എസ്.സി ചെയർമാൻ അഡ്വ: എം.കെ.സക്കീർ, ആസൂത്രണ ബോർഡ് അംഗം ഡോ.കെ.രവിരാമൻ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കോളേജ് പ്രിൻസിപ്പൽ ഡോ.വിജയലക്ഷമി, അശ്വതി, കെയ്‌സ് എം.ഡി എസ്.ചന്ദ്രശേഖർ, എംപ്ലോയ്‌മെന്റ് ജോ.ഡയറക്ടർ ജോർജ് ഫ്രാൻസിസ് എം.എ എന്നിവർ പങ്കെടുക്കും.
സംസ്ഥാന നൈപുണ്യ വികസന മിഷനായ കെയ്‌സ് (KASE25 ലക്ഷം രൂപ ചെലവഴിച്ചാണ് വിദ്യാർത്ഥികൾക്കായി കരിയർ ജാലകം ഒരുക്കുന്നത്. പി.എസ്.സി ഫെസിലിറ്റേഷൻ സെന്ററുകളിൽ വൺടൈം രജിസ്‌ട്രേഷൻ, ഓൺലൈൻ മോക്ക് ടെസ്റ്റുകൾ, ഓൺലൈൻ പരീക്ഷാപരിശീലനങ്ങൾ, സർട്ടിഫിക്കറ്റ് അപ്‌ലോഡിംഗ് വിവിധ മത്സരപരീക്ഷ പരിശീലന പരിപാടികൾ, കരിയർ സെമിനാറുകൾ, ഇന്റർവ്യു പരിപാടികൾ മുതലായവയും നടത്തും. ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലെയും തെരെഞ്ഞെടുക്കപ്പെട്ട ഒരു ഓഫീസിലാണ് ഫെസിലിറ്റേഷൻ സെന്ററുകൾ ആരംഭിക്കുക. കെയർ എന്ന പേരിൽ 2500 ലധികം പേജുകളുളള റഫറൻസ് ഗ്രന്ഥമാണ് പ്രകാശനം ചെയ്യുന്നത്. വകുപ്പിലെ ഉദ്യോഗസ്ഥർക്കും ഉദ്യോഗാർത്ഥികൾക്കും ഗവേഷകർക്കും ആശ്രയിക്കാവുന്ന മികച്ച റഫറൻസ് ഗ്രന്ഥമാണിത്. അഞ്ച് വർഷത്തെ പ്രയത്‌നവും ജീവനക്കാരുടെ കൂട്ടായ പരിശ്രമവും ഇതിനു പിന്നിലുണ്ട്. വകുപ്പിലെ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്.ഹരികുമാറിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചത്.