കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് ഐ.ടി.ഐ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 ഐ.ടി.ഐകളിൽ 12 ട്രേഡുകളിൽ പ്രവേശനത്തിന് ബോർഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 240 സീറ്റുകൾ സംവരണം ചെയ്തിട്ടുള്ളതിലേയ്ക്കാണ് പ്രവേശനം. ഐ.ടി.ഐ പ്രവേശനത്തിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്.  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 150 രൂപ സ്റ്റൈപന്റ് നൽകും.  അപേക്ഷാഫോറം അതത് ജില്ലാ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ നിന്നും ജൂൺ 20 വരെ പത്ത് രൂപയ്ക്ക് നേരിട്ടും 15 രൂപയുടെ മണിയോർഡർ മുഖേനയും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട ജില്ലാ കാര്യാലയങ്ങളിൽ ജൂൺ 25ന് മുമ്പ് സമർപ്പിക്കണം. സമയപരിധി കഴിഞ്ഞ് ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല.  ഫോൺ: 2463769.