പ്രകൃതിയുടെയും വരുംതലമുറയുടെയും ഭാവിയെ കരുതി സ്വയം മാറാന്‍ മനുഷ്യര്‍ തയ്യാറാകണമെന്ന് വൈദ്യുതി മന്ത്രി എം എം മണി.
പരിസ്ഥിതിക്കും പ്രകൃതിക്കും ആഘാതമേല്‍പ്പിക്കാത്ത പ്രവര്‍ത്തനങ്ങളിലേയ്ക്ക് ആധുനിക സമൂഹവും സാങ്കേതിക വിദ്യകളും മാറിയില്ലെങ്കില്‍ ഭാവിയില്‍ മനുഷ്യരാശിക്ക് മുന്നോട്ടു പോകാന്‍ കഴിയാതെ വരുമെന്നും മന്ത്രി പറഞ്ഞു.ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞാറില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിന്റെ പച്ചത്തുരുത്തില്‍ ആദ്യ തൈ നട്ടുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്.
താന്‍ ഇടുക്കിയിലെത്തിയിട്ട് 68 വര്‍ഷമായി. അന്നത്തെ കാലാവസ്ഥയും ഇന്നത്തേതും തമ്മിലുള്ള വ്യത്യാസം അതിശയിപ്പിക്കുന്നതാണ്.ഒന്നുകില്‍ പ്രളയം അല്ലെങ്കില്‍ അതിരൂക്ഷമായ ചൂടും വരള്‍ച്ചയുമാണ് ഇന്ന് അനുഭവപ്പെടുന്നത്.പരിസ്ഥിതി സംരക്ഷിക്കാനുള്ള സര്‍ക്കാരിന്റെ പ്രതിജ്ഞാ ബദ്ധതയാണ് പച്ചത്തുരുത്ത് പദ്ധതിയെന്നും മന്ത്രി പറഞ്ഞു. മനുഷ്യ സമൂഹത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ അത് പ്രകൃതിയുമായുള്ള ഏറ്റമുട്ടലിന്റെ കൂടിയാണെന്നു മനസ്സിലാക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകൃതിയോട് പടവെട്ടിയാണ് നമ്മുടെ പൂര്‍വികര്‍ ജീവിതം കണ്ടെത്തിയത്.കാലം പുരോഗമിക്കുന്നതിനനനുസരിച്ച് ബുദ്ധിയും സാങ്കേതിക വിദ്യയും ഉപയോഗിച്ചും പ്രകൃതിയെ വരുതിയില്‍ നിര്‍ത്താന്‍ മനുഷ്യര്‍ ശ്രമിച്ചു. അമേരിക്ക അടക്കമുള്ള വികസിത-വ്യവസായവല്‍ക്കൃത രാജ്യങ്ങള്‍ പ്രകൃതിയെ മലിനപ്പെടുത്താന്‍ മല്‍സരിച്ചുകൊണ്ടേയിരുന്നു. അതിന്റെ കൂടി പരിണതഫലമാണ് ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവുമടക്കമുള്ള പ്രശ്‌നങ്ങള്‍.
കാഞ്ഞാര്‍-ആനക്കയം റോഡില്‍ ഒരേക്കറോളം വരുന്ന എംവിഐപി  ഭൂമിയിലാണ് വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്തിന്റെ പച്ചത്തുരുത്ത് ഒരുക്കിയിരിക്കുന്നത്.സോഷ്യല്‍ ഫോറസ്ട്രി വകുപ്പാണ് ആവശ്യമായ വൃക്ഷത്തൈകളും സാങ്കേതിക സഹായവും നല്‍കുന്നത്. വെള്ളിയാമറ്റം തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്  പച്ചത്തുരുത്തില്‍ വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്നതിന്റെ ചുമതല.
ചടങ്ങില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു അധ്യക്ഷയായിരുന്നു.  ഹരിതകേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍  ഡോ. ജി എസ് മധു പദ്ധതി വിശദീകരണം നിര്‍വഹിച്ചു.വെള്ളിയാമറ്റം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാജശേഖരന്‍,അസിസ്റ്റന്റ്  ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സാബി വര്‍ഗീസ്,എംവിഐപി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സിനോഷ് സി എസ്,ജില്ലാ പ്ലാനിംഗ് ഓഫിസര്‍ കെ കെ ഷീല,  മുന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റും അറക്കുളം ഗ്രാമപ്പഞ്ചായത്തംഗവുമായ കെ എല്‍ ജോസഫ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെംബര്‍  സി വി സുനിത,ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി ജി മോഹനന്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടെസ്സിമോള്‍ മാത്യു, വാര്‍ഡ് മെമ്പര്‍മാരായ രാഘവന്‍ കണ്ട,ഷെമീന അബ്ദുള്‍ കരീം,അഞ്ചു സി ജി,സുധാജോണി,ലാലി ജോസി,ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍ രവീന്ദ്രന്‍,വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയിൽ സംസാരിച്ചു.