പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്ന കാര്യത്തിൽ അടിയന്തരാവശ്യങ്ങൾക്ക് മുൻഗണന നൽകുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. വികസനഫണ്ട് വാര്‍ഡുകള്‍ മുതൽ തുല്യമായി വീതിക്കുന്നതാണ് നിലവിലെ രീതി.എന്നാല്‍ അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് ആവശ്യമായ മുന്‍ഗണന നല്‍കുകയെന്നതാണ്  സര്‍ക്കാരിന്‍റെ നയം.
‌ പ്രാദേശിക മേഖലയിൽ മികച്ച ജനകീയ പങ്കാളിത്തത്തോടെ  നിരവധി പദ്ധതികൾ നടപ്പാക്കാൻ സർക്കാറിന്  കഴിഞ്ഞു. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ വികസന കാര്യത്തില്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇങ്ങനെ നിരവധി തീരദേശറോഡുകളും നിര്‍മ്മിക്കാനായെന്ന്  മന്ത്രി പറഞ്ഞു .തലക്കുളത്തൂർ ഗ്രാമപഞ്ചായത്തിലെ  പാവയിൽ   പരപ്പാറ തീരദേശ വികസന റോഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പാവയിൽ പരപ്പാറ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാവയിൽ പരപ്പാറ  തീരദേശ റോഡ്  സംസ്ഥാന സർക്കാർ അനുവദിച്ച 60. 75 ലക്ഷം രൂപ മുടക്കിയാണ് നിർമിച്ചിട്ടുള്ളത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ഒ പി ശോഭന അധ്യക്ഷയായി. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പ്രകാശൻ മാസ്റ്റർ,  തലക്കുളത്തൂർ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കെ ടി പ്രമീള, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്സൺ,  കെ ജി പ്രജിത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പ്രകാശൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീജ വേലിവളപ്പിൽ  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ ടി മനോഹരൻ,   സുഭാഷിണി പി   തുടങ്ങിയവർ  തുടങ്ങിയവർ പങ്കെടുത്തു.