ജില്ലയില്‍ വിവിധ പട്ടികജാതി വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2019 മാര്‍ച്ച് വരെ) 54.90 കോടി രൂപ അനുവദിച്ചതില്‍ 53.75 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞതായി എ.ഡി.എമ്മിന്റെ ചേമ്പറില്‍ ചേര്‍ന്ന പട്ടിക ജാതി ഉപദേശക സമിതി യോഗം അറിയിച്ചു. ജില്ലയിലെ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനുള്ള നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് എ.ഡി.എം ഇ.പി മേഴ്സി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. പട്ടിക ജാതി കോളനികളിലും വീടുകളിലും എസ്.സി പ്രമോട്ടര്‍മാര്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ത്ഥികളെ കണ്ടെത്താനാണ് എ.ഡി.എമ്മിന്റെ നിര്‍ദ്ദേശം.
നിലവില്‍ പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെ അനുവദനീയമായ സീറ്റുകളുടെ എണ്ണം അറുപതാണ്. എന്നാല്‍ അനുവദനീയമായ സീറ്റുകളുടെ പകുതിയോളം കൂട്ടികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. ഹോസ്റ്റലുകളില്‍ സമിതി അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ കൃത്യമായ പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. വിവിധ പദ്ധതികളും ചെലവഴിച്ച തുകയടക്കമുള്ള വിശദാംശങ്ങളും. ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ അനുവദിച്ച 10.96 കോടി, ഭവന നിര്‍മ്മാണ ധനസഹായ പദ്ധതി (സ്പില്‍ ഓവര്‍) 16.83 കോടി, പഠനമുറി (സ്പില്‍ ഓവര്‍) 61.69 കോടി, പഠനമുറി (പുതിയത്) 24.63 കോടി എന്നീ പദ്ധതികളില്‍ മുഴവന്‍ തുകയും ചെലവഴിച്ചു. വിവാഹ ധനസഹായമായി അനുവദിച്ച തുകയായ 17.75 കോടി പൂര്‍ണമായി 237 ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തു. മിശ്രവിവാഹ ധനസഹായമായി അനുവദിച്ച 1.06 കോടി 157 പേര്‍ക്ക് വിതരണം ചെയ്തു. ചികിത്സാധനസഹായമായി അനുവദിച്ച 1.84 കോടിയില്‍ 674 പേര്‍ക്കായി 1.83 കോടി വിതരണം ചെയ്തു. പ്രാഥമിക വിദ്യാഭ്യാസ സഹായമായി (1 മുതല്‍ 4 വരെ) 9124 പേര്‍ക്കായി 1.82 കോടിയും പ്രൈമറി സെക്കന്ററി സഹായമായി (5 മുതല്‍ 8 വരെ) 10622 പേര്‍ക്കായി 2.12 കോടിയും അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ് ( 5 മുതല്‍ 10 വരെ) 400 പേര്‍ക്കായി അനുവദിച്ച 17.09 ലക്ഷത്തില്‍ 16.87 ലക്ഷവും വിതരണം ചെയ്തു.
പൊതുപരീക്ഷകളില്‍ 60 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്കുള്ള പ്രത്യേക പ്രോത്സാഹന സമ്മാനമായി അനുവദിച്ച 54.02 ലക്ഷത്തില്‍ 53.92 ലക്ഷം 1822 പേര്‍ക്കായി വിതരണം ചെയ്തു. സ്വയംതൊഴില്‍ പദ്ധതിയില്‍ 4.13 ലക്ഷം വിതരണം ചെയ്തു. ദുര്‍ബലജനവിഭാഗങ്ങളുടെ പുനരധിവാസത്തിനായി അനുവദിച്ച തുകയായ 21.15 കോടി 41 ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്തു. വിഷന്‍ 2013 (മെഡിക്കല്‍/എഞ്ചിനീയറിങ് പ്രവേശന പരീക്ഷ) ല്‍ 59 ഗുണഭോക്താക്കള്‍ക്കായി 5.90 ലക്ഷവും പഠന പരിപാടിയില്‍ 465 പേര്‍ക്ക് 16.95 ലക്ഷവും ബുക്ക് ബാങ്ക് പദ്ധതിയില്‍ 200 പേര്‍ക്ക് 7.54 ലക്ഷവും വിതരണം ചെയ്തു.
പ്ലസ് വണ്‍ മുതല്‍ പഠനം നടത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ ആയി വിദ്യാഭ്യാസ ആനുകൂല്യം നല്‍കുന്ന പദ്ധതിയായ ഇ-ഗ്രാന്റിന്റെ ഭാഗമായി 37.94 ലക്ഷവും മെഡിക്കല്‍/ എഞ്ചിനിയറിങ് വിദ്യാര്‍ഥികള്‍ക്ക് പ്രാരംഭ ചെലവുകള്‍ക്കുള്ള തുകയായി 72 വിദ്യാര്‍ഥികള്‍ക്കായി 5.15 ലക്ഷവും ലാപ്ടോപ് വാങ്ങുന്നതിന് 43 വിദ്യാര്‍ഥികള്‍ക്കായി 10.75 ലക്ഷവും ഒന്നാം വര്‍ഷ എംബിബിഎസ്/ബിഡിഎസ് വിദ്യാര്‍ഥികള്‍ക്ക് സ്റ്റെതസ്‌കോപ്പ് വാങ്ങുന്നതിന് 31 പേര്‍ക്കായി 1.42 ലക്ഷവും നല്‍കി. ലംപ്സം ഗ്രാന്റ്, ദുര്‍ബല വിഭാഗം വിദ്യാര്‍ഥികളുടെ സ്‌റ്റൈപ്പന്റ് എന്നീ ഇനത്തില്‍ 2.43 കോടിയും അക്രമത്തിനിരയാകുന്നവര്‍ക്കുള്ള ധനസഹായമായി 37 പേര്‍ക്ക് 64.76 ലക്ഷവും പ്രളയ ദുരിതബാധിതക്കുള്ള സഹായമായി 2077 കുടുംബങ്ങള്‍ക്ക് 1.03 കോടിയും വിതരണം ചെയ്തു.
കോര്‍പസ് ഫണ്ട് ഇനത്തില്‍ ഫീസിബിലിറ്റി, എസ്റ്റിമേറ്റ് എന്നിവ ലഭ്യമായ 23 പദ്ധതികള്‍ക്ക് 1.98 കോടിയുടെ പ്രൊപോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. 281 കുടിവെള്ള പദ്ധതികള്‍ക്ക് 5.89 കോടിയുടെ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നേടി നടപ്പിലാക്കിവരികയാണ്. അംബേദ്കര്‍ പദ്ധതിയിലേക്ക് തെരഞ്ഞടുത്ത 21 കോളനികളില്‍ 16 എണ്ണത്തിനാണ് അനുമതി ലഭിച്ചത്. ഇവയില്‍ പ്രവൃത്തി ആരംഭിച്ച 14 കോളനികളിലെ 60 ശതമാനം പ്രവൃത്തി പൂര്‍ത്തിയായതായും യോഗം അറിയിച്ചു.