സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളോടുള്ള ജനങ്ങളുടെ കാഴ്ചപാടിൽ മാറ്റം ഉണ്ടായെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. ഈ സർക്കാരിന്റെ  ഭരണകാലത്ത് ഉന്നതവിദ്യാഭ്യാസത്തിന് വിപുല സാധ്യതകളുണ്ടായി, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കേരളത്തിലെ  വിദ്യാഭ്യാസ മേഖലയിലേത്  മികച്ച മാതൃകയാണ്‌, എന്ത് പ്രയാസം സഹിച്ചും കുട്ടികളെ വിദ്യാഭ്യാസ തലത്തിൽ ഉയർത്താൻ ശ്രമിക്കുന്ന രക്ഷിതാക്കൾക്കൊപ്പം നിൽക്കാൻ സർക്കാറിന് കഴിഞ്ഞെന്നും  മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളിലും  പഠന നിലവാരത്തിലും അപൂർവമായ നേട്ടം കൈവരിക്കാൻ സർക്കാരിന് കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു. കക്കോടി ഗ്രാമപഞ്ചായത്തിന്റെ  വാർഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രതിഭാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ചോയിക്കുട്ടി അധ്യക്ഷനായി പഞ്ചായത്തിൽ ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ എൽപി യുപി സ്കൂളുകൾ നിന്നും എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ വിജയം നേടിയവർ കലാ കായിക മേഖലകളിൽ പ്രതിഭ തെളിയിച്ചവർ പഞ്ചായത്തിലെ സ്കൂളുകളിൽ നിന്നും വിരമിച്ച പ്രധാന അധ്യാപകർ എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. കക്കോടി ഗ്രാമപഞ്ചായത്തിന് 100% നികുതി പിരിവ് എത്തിച്ച കക്കോടി ഉദ്യോഗസ്ഥർക്കും  ചടങ്ങിൽ ഉപഹാരം നൽകി.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാഹിദ അബ്ദുറഹ്മാൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ശ്രീലത ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  വിജില,  എസ്‌ എസ് എ  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രോഗ്രാം ഓഫീസർ വിശ്വനാഥൻ പി, ചേളന്നൂർ ബിആർസി ട്രെയിനർ പി ഗിരീഷ്, രാജേന്ദ്രൻ, ജയകൃഷ്ണൻ മാസ്റ്റർ, എൻ കെ നാരായണൻ, പി ഹസ്സൻ, സുധീർ മലയിൽ വളപ്പിൽ ജാഫർ തുടങ്ങിയവർ പങ്കെടുത്തു. ചേളന്നൂർ ബ്ലോക്ക്പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ബി ബാബു പ്രസാദ് നന്ദിയും പറഞ്ഞു.