ഓഖി ദുരന്തത്തില്‍പ്പെട്ട് ജീവഹാനി സംഭവിച്ചവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 20 ലക്ഷം രൂപയുടെ സഹായത്തിനൊപ്പം പ്രധാനമന്ത്രിയുടെ സഹായ പദ്ധതിയില്‍
 നിന്നുളള രണ്ടു ലക്ഷം രൂപ കൂടി ചേര്‍ത്തുനല്‍കുമെന്ന് ജില്ലാ കളക്ടര്‍  ഡോ. കെ. വാസുകി പറഞ്ഞു.  കേന്ദ്ര നിരീക്ഷകര്‍ക്കൊപ്പം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കവേ ദുരിതബാധിതരോട് സംസാരിക്കുകയായിരുന്നു കളക്ടര്‍.
ദുരന്തത്തില്‍പ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കും. വീടു നഷ്ടമായവര്‍ക്ക്,  ലൈഫ് ഉള്‍പ്പെടെയുളള വിവിധ പദ്ധതികളിലുള്‍പ്പെടുത്തി വീട് നല്‍കും.  ബോട്ട് ഉള്‍പ്പെടെയുളള മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് അതിന്റെ പൂര്‍ണമായ തുകയും നല്‍കും. ജീവഹാനി സംഭവിച്ചവരുടെ ബന്ധുക്കളിലൊരാള്‍ക്ക് ജോലിയും നല്‍കും.  മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന 20 ലക്ഷം രൂപ ട്രഷറി അക്കൗണ്ടില്‍ 5 കൊല്ലത്തേക്ക് നിക്ഷേപിക്കും. ഇതിന്റെ പലിശയായ 14166 രൂപ ബന്ധുക്കള്‍ക്ക്  മാസംതോറും ലഭിക്കും.  വിവാഹം തുടങ്ങിയ ആവശ്യങ്ങളുണ്ടെങ്കില്‍ അക്കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയാല്‍ പണം മുഴുവനായി പിന്‍വലിക്കുന്നതിനുളള സംവിധാനം ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.
മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം തന്നെ കാണാതായവരുടെ ബന്ധുക്കള്‍ക്കും നല്‍കും. ഇക്കാര്യത്തില്‍ സാധാരണ ഉണ്ടാകാറുളള കാലതാമസം ഉണ്ടാകില്ല. അടിയന്തരമായിത്തന്നെ സഹായം ലഭ്യമാക്കും.  ഇതിനുവേണ്ട സാങ്കേതിക സഹായം ജില്ലാ ഭരണകൂടം വേഗത്തില്‍ കൈക്കൊളളുമെന്നും കളക്ടര്‍ അറിയിച്ചു.
മരണമടഞ്ഞ മത്സ്യത്തൊഴിലാളികള്‍ക്ക് ബാങ്ക് ലോണ്‍ ഉണ്ടെങ്കില്‍ അത് അടക്കേണ്ടതില്ല.  പുറമേ നിന്നുളള വായ്പകള്‍ ഉണ്ടെങ്കില്‍ അത് വീട്ടിലെത്തുന്ന സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരെ കൃത്യമായി അറിയിക്കണം.  സര്‍ക്കാര്‍ അതിനുവേണ്ട നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
കടലില്‍പ്പെട്ടുപോയവര്‍ക്കുളള തെരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നു കളക്ടര്‍ പറഞ്ഞു.  മറിച്ചുളള റിപ്പോര്‍ട്ടുകള്‍ തെറ്റാണ്.  വിവിധ ഏജന്‍സികളുടെ തെരച്ചില്‍ തുടരുന്നുണ്ട്.  തെരച്ചില്‍ അവസാനിക്കുമ്പോള്‍ അക്കാര്യം ഔദ്യോഗികമായി അറിയിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കെ.ആന്‍സലന്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലാണ് കളക്ടര്‍ ഇക്കാര്യങ്ങള്‍ നാട്ടുകാരെ അറിയിച്ചത്.