‘പ്രളയം വന്നപ്പോ വീടും ആലയും രണ്ട് പശുക്കളും എല്ലാം നഷ്ടപ്പെട്ടു. ഞങ്ങളുടെ ജീവിത മാര്‍ഗ്ഗം ആയിരുന്നു പശുക്കള്‍. എല്ലാം നഷ്ടപ്പെട്ടിടത്തു നിന്നും ഞങ്ങള്‍ വീണ്ടും ജീവിച്ച് തുടങ്ങുകയാണ്,’. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം വീട് ലഭിച്ച ഭാവന സുരേഷ് നിറഞ്ഞ മനസ്സോടെ പറയുന്നു. 32 വര്‍ഷം മുന്‍പ്  തൃശ്ശൂരിലെ ഇരിങ്ങാലക്കുടയില്‍ നിന്നും കോഴിക്കോടെത്തി സ്ഥിരതാമസമാക്കിയതാണ് ട്രാന്‍സ്ജെന്‍ഡറായ ഭാവന. ഷീറ്റ് കൊണ്ട് മറച്ച വീടായിരുന്നു ഞങ്ങളുടേത്. നഷ്ടപ്പെട്ട ആ വീടിന് പകരം  എല്ലാ സൗകര്യവുമുള്ള നല്ല വീടാണ് ബാങ്ക് നല്‍കിയത്. ഒരു പശുവിനെ വാങ്ങണം എന്നുണ്ട്. സാമൂഹ്യ നീതി വകുപ്പില്‍ നിന്നും ഫണ്ട് ലഭിക്കാനുണ്ട്. അത് ലഭിച്ചാലുടന്‍ അടുത്ത സ്വപ്നവും യാഥാര്‍ത്ഥ്യമാവും.
 5.30 ലക്ഷം രൂപ ഉപയോഗിച്ച്  കാവുന്തറ സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കാണ് ഭാവനക്കും ഭര്‍ത്താവ് സുരേഷിനും നാലരസെന്റ് സ്ഥലത്ത് വീട് നിര്‍മ്മിച്ച് നല്‍കിയത്. ഔദ്യോഗികമായി ഉദ്ഘാടനം കഴിഞ്ഞിട്ടില്ലെങ്കിലും പണി പൂര്‍ത്തിയായ മുറക്ക് ഭാവനയും  സുരേഷും പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു. രണ്ട് കിടപ്പുമുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട്ടില്‍  നടുവണ്ണൂര്‍ പതിനാലാം വാര്‍ഡിലെ മന്തങ്കാവ് ലക്ഷം വീട് കോളനിയാലാണ് ഭാവനയുടെ വീട്. സ്വകാര്യ വ്യക്തി വാങ്ങി നല്‍കിയ സ്ഥലത്താണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്.