കാക്കനാട്: ജില്ലയെ മാലിന്യമുക്തമാക്കാന്‍ ‘ക്ലീന്‍ എറണാകുളം’ മാലിന്യനിര്‍മാര്‍ജ്ജന യജ്ഞവുമായി ജില്ലാഭരണകൂടം പൊതുജനങ്ങള്‍ക്കിടയിലേക്ക്. ഇതു സംബന്ധിച്ച് പൊതുമരാമത്ത് നിരത്ത് വിഭാഗം, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കളമശ്ശേരി നഗരസഭ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ജില്ലാ കളക്ടര്‍ എസ്.സുഹാസ് കൂടിക്കാഴ്ച നടത്തി.  ആദ്യപടിയായി ഇടപ്പള്ളി ടോള്‍ മുതല്‍ ചൂര്‍ണ്ണിക്കര പാലം വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദേശീയപാതയോരം വൃത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.   ജൂലൈ രണ്ടാം വാരം പദ്ധതി തുടങ്ങാനാണ് ആലോചിക്കുന്നത്.  തുടര്‍ന്ന് ജില്ല മുഴുവന്‍ വ്യാപിപ്പിക്കും.  പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, ആരോഗ്യവകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനം എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.  ശുചീകരിച്ച സ്ഥലങ്ങളില്‍ തുടര്‍ന്നുണ്ടാകുന്ന മാലിന്യനിക്ഷേപം വീക്ഷിക്കാനും നടപടിയെടുക്കും.  ജൈവമാലിന്യങ്ങള്‍, പ്ലാസ്റ്റിക്, തുണികള്‍- ബാഗുകള്‍- ചെരുപ്പുകള്‍ തുടങ്ങിയവ എന്നിങ്ങനെ മൂന്നായി മാലിന്യം വേര്‍തിരിക്കും.  ജൈവമാലിന്യം ബ്രഹ്മപുരത്തേയ്ക്കും പ്ലാസ്റ്റിക്കുകള്‍ കളമശ്ശേരി നഗരസഭയുടെ ഷ്രെഡ്ഡിങ് യൂണിറ്റിലേക്കും അയക്കും.  ശേഷിക്കുന്നവയുടെ സംസ്‌കരണം സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.  മൂന്നു ദിവസത്തിനകം മോണിറ്ററിങ് കമ്മറ്റി യോഗം ചേരും.
പൊതുജനപങ്കാളിത്തം ഉറപ്പാക്കി ജനകീയമായി പദ്ധതി  നടപ്പാക്കാനാണുദ്ദേശിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.  നടത്തിപ്പില്‍ വളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കും.  പദ്ധതിയുമായി അന്‍പൊടുകൊച്ചി സഹകരിക്കുമെന്നും അറിയിച്ചു.  മാലിന്യനിക്ഷേപത്തിലുംനിര്‍മാര്‍ജ്ജനത്തിലും പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  വീടുകളിലും സ്ഥാപനങ്ങളിലുംമറ്റുമുണ്ടാകുന്ന മാലിന്യമാണ് വഴിയരികിലെത്തുന്നത്.  അത് മാറ്റുകയെന്നത് ഒരുകൂട്ടം ഉദ്യോഗസ്ഥരുടെ മാത്രം ചുമതലയല്ല.  ഭക്ഷണാവശിഷ്ടമടക്കമുള്ള ജൈവമാലിന്യങ്ങള്‍ അജൈവ മാലിന്യവുമായി കൂട്ടിക്കുഴച്ച് വലിച്ചെറിഞ്ഞാല്‍ തരംതിരിക്കാന്‍ ബുദ്ധിമുട്ടാണ്.  നിഷ്‌കര്‍ഷിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വൃത്തിയായി നിക്ഷേപിക്കുന്നതില്‍ ശ്രദ്ധിക്കണം.  ഇത്തരം ശുചീകരണയജ്ഞങ്ങളില്‍ പൊതുജനങ്ങള്‍ ജില്ലാ ഭരണകൂടവുമായി സഹകരിക്കാനും അഭ്യര്‍ത്ഥിച്ചു.
ദുരന്ത കൈകാര്യ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ പി.ഡി.ഷീലാദേവി,  കളമശ്ശേരി നഗരസഭ സെക്രട്ടറി ബി.അനില്‍കുമാര്‍,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അജിത് കുമാര്‍, എം.വി.മിഥുന്‍, പൊതുമരാമത്ത് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.സുരേഷ് കുമാര്‍, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ജിഐപിഎല്‍ ഉദ്യോഗസ്ഥരായ ചിദംബരന്‍, രാജഗോപാല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.