കാക്കനാട്: പട്ടികജാതി വികസന വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ
എസ് സി യുവാക്കൾക്കായി നടത്തിയ തൊഴിൽ പരിശീലന പരിപാടിയായ നവയുഗം പദ്ധതിയിലൂടെ പരിശീലനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്
പരിപാടി ഉദ്ഘാടനം ചെയ്തു.

വിവിധ പദ്ധതികൾ ഫലപ്രദമായി നടപ്പിലാക്കിയത് വഴി കഴിഞ്ഞ സാമ്പത്തിക വർഷം 100 % എസ് സി ഫണ്ട് ചെലവാക്കാൻ പട്ടിക വികസന ഓഫീസിന് കഴിഞ്ഞുവെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി പി അയ്യപ്പൻ കുട്ടി പറഞ്ഞു.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ തൊഴിലില്ലായ്മ നേരിടാനുള്ള ശ്രമത്തിന്റെയും, സാമൂഹിക നീതി ഉറപ്പ് വരുത്തുന്നതിന്റെയും ഭാഗമായ പദ്ധതി വിജയകരമായതിൽ അഭിമാനമുണ്ടെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡോളി കുര്യാക്കോസ് പറഞ്ഞു. പുതിയ സംരഭകരായി മാറാനും സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് കുടുംബത്തെ നയിക്കാനും കഴിയട്ടെയെന്ന് ഗുണഭോക്താക്കളെ ആശംസിച്ചു.

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി (സി പെറ്റ്),
കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രയിനിംഗ് സെന്റർ (പിആർറ്റിസി) എന്നീ സ്ഥാപനങ്ങളാണ് പരിശീലനം നൽകിയത്.

സിപെറ്റിന്റെ നേതൃത്വത്തിൽ 40 യുവാക്കൾക്കാണ് പരിശീലനം നൽകിയത്. പദ്ധതി നടപ്പാക്കാൻ
20 ലക്ഷം രൂപയാണ് അനുവദിച്ചത്.

പ്ലാസ്റ്റിക് പ്രോസസിംഗിൽ മൂന്നു മാസത്തെ പരിശീലനം പൂർത്തിയാക്കിയവരിൽ 20 പേർക്കും വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു.

കോഴിക്കോട് പ്രീ റിക്രൂട്ട്മെന്റ് ട്രയിനിംഗ് സെന്ററിന്റെ നേതൃത്വത്തിൽ 50 പേർക്ക് സൈനിക പരിശീലനം നൽകി.
3 മാസം ദൈർഘ്യമുള്ള പരിശീലനമാണ് നൽകിയത്. 12 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി നൽകിയത്.

ഇതിൽ
2 പേർ പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ് , ലുലു മാൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്കുള്ള അഭിമുഖത്തിൽ ഉദ്യോഗാർത്ഥികൾ പങ്കെ ടുത്തു വരികയാണെന്ന് സിആർപെറ്റ് അധികൃതർ അറിയിച്ചു.
പട്ടികജാതി വികസന ഓഫീസർ ജോസഫ് ജോൺ,
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സരള മോഹൻ, ജില്ലാ പഞ്ചായത്ത് സീനിയർ സൂപ്രണ്ട് പി.എൻ.ശോഭ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, എസ് സി പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.