പിറവം: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചാമ്പ്യൻസ് ലീഗ് വള്ളംകളി പിറവത്ത് ആഗസ്റ്റ് 31ന് നടക്കും. സംസ്ഥാനത്ത് 12 കേന്ദ്രങ്ങളിലായാണ് ലീഗ് മത്സരങ്ങൾ നടക്കുന്നത്. ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
പിറവം വാട്ടർ അതോറിട്ടി ഇൻസ്പെക്ഷൻ ബംഗ്ലാവിൽ ചേർന്ന വള്ളംകളി ആലോചനാ യോഗം പ്രാദേശിക പങ്കാളിത്തത്തോടെ മികച്ച രീതിയിൽ മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. അടുത്ത അഞ്ച് വർഷത്തെ വള്ളംകളികളുടെ സമയക്രമം നിശ്ചയിച്ച് അന്താരാഷ്ട്ര പ്രാധാന്യത്തോടെ നടത്തുന്ന ലീഗ് മത്സരങ്ങൾ വിദേശ വിനോദ സഞ്ചാരികളെ ഉൾപ്പെടെ ലക്ഷ്യമിട്ടാണ് സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടാകും.
വള്ളംകളിക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സർക്കാർ ഒരുക്കും. പവലിയൻ, ട്രാക്ക്, മത്സര വിധികർത്താക്കൾ, കമന്റേറ്റർമാർ ഉൾപ്പെടെ ഇത്തരത്തിൽ സഞ്ചമാക്കും. ഇവയെ ഉപയോഗപ്പെടുത്തി അതത് പ്രാദേശിക കമ്മറ്റികൾക്ക് പ്രാദേശിക മത്സരങ്ങളും, അനുബന്ധ കലാപരിപാടികളും സംഘടിപ്പിക്കാവുന്നതാണ്. വള്ളംകളി മത്സരങ്ങളുടെ പൂർണ്ണ അധികാരം സർക്കാരിനും പ്രാദേശിക കമ്മിറ്റിയ്ക്കുമായിരിക്കും.
മൂന്ന് ചുണ്ടൻവള്ളങ്ങളാണ് ഒരു മത്സരത്തിന് അണിനിരക്കുന്നത്. ഒരു മത്സരവേദിയിൽ ഇങ്ങനെ മൂന്ന് ഹീറ്റ്സിലായി ഒമ്പത് വള്ളങ്ങൾ മത്സരിക്കും. 40 മിനിറ്റ് മുതൽ ഒരു മണിക്കൂർവരെയാണ് ലീഗ് മത്സരങ്ങളുടെ സമയം. വൈകീട്ട് നാല് മണി മുതൽ ആറ് മണിവരെയുള്ള സമയങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 10 ന് നെഹ്‌റു ട്രോഫി വള്ളം കളിയോടെയാണ് ലീഗ് മത്സരങ്ങൾ ആരംഭിക്കുന്നത്. പ്രെസിഡൻസ് ട്രോഫി വള്ളം കളിയോടെ അവസാനിക്കുന്ന രീതിയിലാണ് ലീഗ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.
എം.എൽ.എ അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിൽ പിറവം നഗരസഭ ചെയർമാൻ സാബു കെ. ജേക്കബ്, ജില്ലാ പഞ്ചായത്തംഗം കെ. എൻ സുഗതൻ, എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർ, ഡി.വൈ.എസ്.പി. കെ. അനിൽ കുമാർ, ഡി.ടി.പി.സി സെക്രട്ടി എസ്. വിജയകുമാർ, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. മത്സരവുമായി ബന്ധപ്പെട്ട് സ്റ്റിയറിംഗ് കമ്മിറ്റി യോഗം അടുത്ത ആഴ്ച ചേരുമെന്ന് എം.എൽ.എ അറിയിച്ചു.
ക്യാപ്ഷൻ
പിറവം ചാമ്പ്യൻസ് ലീഗ് വള്ളംകളിയുടെ ആലോചനാ യോഗം.