മുളന്തുരുത്തി: പൊതു വിദ്യാലയങ്ങൾക്ക് വികസനത്തിനുള്ള അനുകൂല സാഹചര്യമാണ് ഇന്നുള്ളതെന്ന് എം.എൽ.എ അനൂപ് ജേക്കബ് പറഞ്ഞു. മുളന്തുരുത്തി ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.തിരക്കുള്ള റോഡിന്റെ ഒരു വശത്ത് ക്ലാസ് മുറികളും മറുവശത്ത് ലാബുമായാണ് ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ ഒരു സ്ഥലത്ത് ഹയർ സെക്കന്ററി പ്രവർത്തനം ആരംഭിച്ചത് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ സൗകര്യപ്രദവും ആശ്വാസവുമാണ്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മുളന്തുരുത്തി ഗവ: ഹൈസ്കൂളിന്റെ വികസനത്തിന് ഒരു കോടി രൂപ കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ ലഭ്യമാക്കാൻ സാധിച്ചത് എം.എൽ.എ ചൂണ്ടിക്കാട്ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിവിഷൻ മെമ്പറുമായ ആശാ സനൽ സ്കൂൾ പരിസരത്ത് മികച്ച രീതിയിലുള്ള വെയ്റ്റിംഗ് ഷെഡ് നിർമിക്കുമെന്ന് പറഞ്ഞു. സ്കൂൾ പരിസരത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമെന്ന ദീർഘനാളത്തെ ആവശ്യം ഒരു വർഷത്തിനുള്ളിൽ പരിഹരിക്കാൻ സാധിക്കുമെന്നും അവർ വ്യക്തമാക്കി.
ഹയർ സെക്കന്ററി സ്കൂളിനായി 2013 ൽ നിർമ്മാണമാരംഭിച്ച മൂന്ന് നില കെട്ടിടം 1.50 കോടി രൂപ ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്. ഒമ്പത് സ്മാർട്ട് ക്ലാസ് റൂമുകളും ഒരു ഹാളും അടങ്ങുന്നതാണ് പുതിയ കെട്ടിടം. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. സയൻസ്, കൊമേഷ്സ് വിഷയങ്ങളിലായി 60 കുട്ടികൾ അടങ്ങുന്ന ആറ് ഡിവിഷനുകളാണ് ഇവിടെ ഉള്ളത്.
ചടങ്ങിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ, വൈസ് പ്രസിഡൻറ് ഷാജി മാധവൻ, മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റെഞ്ചി കുര്യൻ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സോഫി ജോൺ, വൈസ് പ്രിൻസിപ്പാൾ ഷോജ ടി.എസ്, അസിസ്റ്റന്റ് എഞ്ചിനീയർ ദിവ്യ ഭൂപേഷ്, മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമൺ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോർജ് മാണി പട്ടച്ചേരിൽ, പഞ്ചായത്തംഗം ജയിംസ് താഴുരത്ത് എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ
മുളന്തുരുത്തി ഗവ: ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ കെട്ടിടം എം.എൽ.എ അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.