പിറവം: രാമമംഗലത്ത് അപ്രതീക്ഷിത അതിഥിയായി ജില്ലാ കളക്ടർ. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അപ്പീൽ അപേക്ഷകൾ സ്വീകരിക്കുകയായിരുന്ന രാമമംഗലം പഞ്ചായത്ത് അധികൃതർ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കണ്ടപ്പോൾ അമ്പരന്നു.
റീ ബിൽഡ് കേരളയുമായി ബന്ധപ്പെട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിന് ജില്ലയിലെ എല്ലാ പഞ്ചായത്ത് ഓഫീസുകൾക്കും ഇന്നലെ പ്രവർത്തി ദിവസം ആയിരുന്നു. റീ ബിൽഡ് കേരളയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു കളക്ടറുടെ സന്ദർശനം.
വൈകീട്ട് 3.30ന് കളക്ടർ എത്തുമ്പോൾ പഞ്ചായത്ത് ജീവനക്കാർക്ക് പുറമേ പഞ്ചായത്ത് പ്രസിഡന്റ് മിനി കുമാരിയും വൈസ് പ്രസിഡന്റ് പി.പി മനോജ് കുമാറും പഞ്ചായത്ത് ഓഫീസിൽ ഉണ്ടായിരുന്നു. ജില്ലയിൽ മികച്ച രീതിയിൽ റീ ബിൽഡ് കേരളയുടെ പ്രവർത്തനങ്ങൾ മുന്നേറുന്നതിന് ഉദാഹരണമാണ് രാമമംഗലത്ത് തനിക്ക് കാണാൻ കഴിഞ്ഞതെന്ന് കളക്ടർ പറഞ്ഞു. റീ ബിൽഡ് കേരളയുമായി ബന്ധപ്പെട്ട അപ്പീൽ അപേക്ഷകൾ സ്വീകരിക്കാനുള്ള അവസാന ദിവസമായിരുന്നു ഇന്നലെ. പ്രളയാനന്തര പുനർ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാമമംഗലം പഞ്ചായത്തിൽ ആകെ 337 അപേക്ഷകളാണ് ലഭിച്ചത്. ഇന്നലെ മാത്രം ലഭിച്ചത് 28 അപേക്ഷകളാണ്.
ക്യാപ്ഷൻ
റീ ബിൽഡ് കേരളയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി രാമമംഗലം പഞ്ചായത്തിൽ എത്തിയ ജില്ലാ കളക്ടർ എസ്. സുഹാസ് പഞ്ചായത്ത് പ്രസിഡന്റ് മിനി കുമാരി, വൈസ് പ്രസിഡന്റ് മനോജ് കുമാർ എന്നിവരൊടൊപ്പം.