കേരളത്തില്‍ ഹോക്കിയുടെ പുരോഗതിക്കായി ഒളിമ്പ്യന്‍ മാന്വല്‍ ഫ്രെഡറിക്കിന്റെ സേവനം തേടുമെന്ന് വ്യവസായ-സ്പോര്‍ട്സ് വകുപ്പ് മന്ത്രി ഇ പി ജയരാജന്. കേരളത്തിലെ ഏക ഒളിമ്പിക്സ് മെഡല്‍ ജേതാവും ഹോക്കി താരവുമായ മാന്വല്‍ ഫ്രെഡറിക്കിന് സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്കിയ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഹോക്കി ആസ്ട്രോ ടര്‍ഫുകള്‍ നിര്‍മ്മിക്കും. ഫ്രെഡറിക്കിന്റെ പ്രായം കൂടി പരിഗണിച്ചായിരിക്കും അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തുകയെന്നും മന്ത്രി പറഞ്ഞു.
കായിക മേഖലയുടെ പുരോഗതിക്കായി മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ദേശീയ- അന്തര്‍ദേശീയ മത്സരങ്ങളില്‍ നേട്ടങ്ങള്‍ കൊയ്തവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരം സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
ഇത്തരത്തില്‍ മികവ് തെളിയിച്ച എട്ട് പേര്‍ക്ക് വൈദ്യുതി വകുപ്പില്‍ ജോലി നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ഒളിമ്പിക്സില്‍ കേരളത്തില്‍ നിന്ന് വലിയ പ്രാതിനിധ്യമുണ്ടാകും. അതിനായി ഓപ്പറേഷന് ഒളിമ്പ്യ എന്ന പേരില്‍ നിശ്ചിത കായിക ഇനങ്ങളില്‍ താരങ്ങള്‍ക്ക് വിദഗ്ധ പരിശീലനം നല്കി വരുന്നു. സംസ്ഥാനത്ത് കായിക മേഖലയില്‍ 700 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളും നടത്തി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കായിക മേഖലയുടെ വികസനത്തിനായി സ്പോര്‍ട്സ് എക്സ്പോ സംഘിപ്പിക്കും. ഡിസംബര്‍ മുതല്‍ സംസ്ഥാനത്തുടനീളം തീരദേശ മേഖലയിലുള്ളവരെ ഉള്‍പ്പെടുത്തി ബീച്ച് ഗെയിംസ് നടത്തും. കായിക രംഗത്തെ ശക്തിപ്പെടുത്തുക വഴി ആരോഗ്യമുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
1972 ലെ മ്യൂണിക് ഒളിംമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ ഗോള്‍ കീപ്പറായിരുന്നു ഫ്രെഡറിക്. പയ്യാമ്പലം പള്ളിയാംമൂലയില്‍ കടലോരത്ത് സര്‍ക്കാര്‍ പതിച്ചുനല്‍കിയ അഞ്ച് സെന്റ് ഭൂമിയില്‍ 38 ലക്ഷം രൂപ ചെലവഴിച്ച് 1610 ചതുരശ്ര അടിയിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഇരുനിലകളിലായി മൂന്ന് മുറികളോട് കൂടി ആധുനിക രീതിയിലാണ് വീടിന്റെ രൂപകല്‍പ്പന.
ഊരാളുങ്കല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി 10 മാസം കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ വ്യവസായികളുടെ സഹായത്തോടെ ആവശ്യമായ ഫര്‍ണിച്ചറുകളും വീട്ടില്‍ ഒരുക്കിയിട്ടുണ്ട്.
ചടങ്ങില്‍ മേയര്‍ ഇ പി ലത അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ ടി വി സുഭാഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒളിമ്പ്യന്‍ മാന്വല്‍ ഫ്രെഡറിക്ക്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, എ ഡി എം ഇ മുഹമ്മദ് യൂസുഫ്, ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രന്, തഹസില്‍ദാര്‍ വി എം സജീവന്, മുന്‍ മന്ത്രി കെ പി മോഹനന്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹോക്കിയുടെ പുരോഗതിക്ക് ഫ്രെഡറിക്കിന്റെ സേവനം തേടും: മന്ത്രി