ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കുള്ള ടാബ്ലെറ്റ് വിതരണം പ്രദീപ് കുമാര്‍ എം.എല്‍.എ മുതിര്‍ന്ന അക്ഷയ സംരംഭകന്‍ സി.കെ നാരായണന് നല്‍കി ഉദ്ഘാടനം ചെയ്തു. അക്ഷയകേന്ദ്രങ്ങള്‍ വഴി സമൂഹത്തിന് നല്‍കുന്ന സേവനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി ലഭിക്കണമെന്നും വിവരസാങ്കേതിക വിദ്യയുടെ പ്രധാന സവിശേഷതകളായ കൃത്യതയും വേഗതയും സര്‍ക്കാര്‍ സേവനങ്ങളിലും നടപ്പാക്കാന്‍ അക്ഷയകേന്ദ്രങ്ങളിലൂടെ കഴിഞ്ഞുവെന്നും എം.എല്‍.എ പറഞ്ഞു. ഒന്നാംഘട്ടത്തില്‍ ജില്ലയില്‍ 154 ടാബ്ലറ്റുകള്‍ ആണ് സംരംഭകര്‍ക്ക് നല്‍കിയത്. നൈപുണ്യ വികസന പരിശീലനവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പരിശീലനവും നല്‍കി.
ടാബുകള്‍ ലഭിക്കുന്നതുവഴി ഡിജിറ്റല്‍ സാക്ഷരത, ലൈഫ് സര്‍ട്ടിഫിക്കറ്റ്, കുട്ടികള്‍ക്കായുള്ള ആധാര്‍ എന്റോള്‍മെന്റ്, ആധാര്‍ അപ്ഡേഷന്‍ തുടങ്ങിയവ അക്ഷയ കേന്ദ്രങ്ങള്‍ വഴി കൂടുതല്‍ സുഗമമായി ലഭ്യമാക്കാന്‍ കഴിയും. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു അധ്യക്ഷനായി. ഐടി മേഖലയില്‍ സോഫ്റ്റ് സ്‌കില്‍സ് പ്രാധാന്യം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അക്ഷയ കേന്ദ്രങ്ങള്‍ അസാപിന്റെ സഹായത്തോടെ സോഫ്റ്റ് സ്‌കില്‍സ് പരിശീലനം ഊര്‍ജിതമായി നടപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
സി.എം.ഒ പ്രോഗ്രാമില്‍ സി-ഡിറ്റ് ഡിസ്ട്രിക്ട് കോ ഓര്‍ഡിനേറ്റര്‍ ശാന്തികൃഷ്ണ, സ്‌കില്‍ ഡവലപ്‌മെന്റില്‍ ആല്‍ബിന്‍ ജോണ്‍ എന്നിവര്‍ പരിശീലനം നല്‍കി. ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ മേഴ്സി, കേരള സ്റ്റേറ്റ് ഐടി മിഷന്‍ ഡിസ്ട്രിക് പ്രൊജക്റ്റ് മാനേജര്‍ മിഥുന്‍ കൃഷ്ണ സബാസ്റ്റ്യന്‍, ജില്ലാ ഐടി സെല്‍ കോഡിനേറ്റര്‍ അജിത്ത് പ്രസാദ്, അക്ഷയ കോര്‍ഡിനേറ്റര്‍ പി എസ് അഷിത, അക്ഷയ സംരഭകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.