കൊച്ചി: എറണാകുളത്ത് മാര്‍ഷലിംഗ് യാര്‍ഡ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പുതിയ റെയിൽവേ ടെര്‍മിനൽ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഥമ ആലോചന യോഗം ചേർന്നു. റെയിൽവേ ടെര്‍മിനൽ സംബന്ധിച്ച പ്രഥമ റിപ്പോര്‍ട്ട് ജനറൽ മാനേജര്‍ക്ക് ഉടന്‍ തന്നെ കൈമാറുമെന്ന് റെയിൽവേ അധികൃതര്‍ അറിയിച്ചു. റെയിൽവേ ടെര്‍മിനൽ ആവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ വകുപ്പ് മന്ത്രി പിയൂഷ് ഗോയലിനെ കത്ത് നൽകിയിരുന്നു. മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം നടന്നത്.
റെയിൽവേയുടെ ഉടമസ്ഥതയിൽ മാര്‍ഷലിംഗ് യാര്‍ഡും രണ്ട് പിറ്റ് ലൈനുകളും റെയിൽവേ ട്രാക്കുകളുമാണ് 100 ഓളം ഏക്കര്‍ സ്ഥലത്ത് നിലവിലുള്ളത്. മൂന്നാമത്തെ പിറ്റ് ലൈനിന്‍റെ നിര്‍മ്മാണം നടന്നു വരികയാണ്. ഈ പ്രദേശത്ത് ഘട്ടം ഘട്ടമായി വികസനം നടത്തുന്നത് സംബന്ധിച്ച് റെയിൽവേ അധികൃതര്‍ യോഗത്തിൽ ചർച്ച നടത്തി. വൈറ്റില മൊബിലിറ്റി ഹബ്ബിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് പുതിയ ടെര്‍മിനൽ വരുന്നതോടെ ഇന്ത്യയിലെ തന്നെ ആദ്യത്തെ റോഡ്, റെയിൽ , മെട്രോ, ജലഗതാഗതം എന്നിങ്ങനെ വിവിധ സഞ്ചാര മാര്‍ഗങ്ങളുടെ സംഗമ സ്ഥാനമായി മാറുമെന്ന് ഹൈബി ഈഡന്‍ എം.പി ചൂണ്ടിക്കാട്ടി. എറണാകുളം സൗത്ത്, നോര്‍ത്ത് റെയിൽ വേ സ്റ്റേഷനുകളുടെ വികസനം പരമാവധി ആയിരിക്കുന്ന സാഹചര്യത്തിൽ പുതിയ ടെര്‍മിനൽ വരുന്നതോടെ അനുദിനം വികസിക്കുന്ന കൊച്ചി നഗരത്തിൽ എത്തുന്ന യാത്രക്കാര്‍ക്ക് ഏറെ ആശ്വാസകരമാകും. കൂടാതെ കൊച്ചിക്ക് പുതിയൊരു മുഖം നല്കുവാനും പദ്ധതിക്ക് സാധിക്കുമെന്ന് ഹൈബി ഈഡന്‍ എം.പി പറഞ്ഞു.
പുതിയ ടെര്‍മിനലിനായി നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്തേക്കുള്ള റോഡുകളുടെ ലഭ്യതയും യോഗം പരിശോധിച്ചു. വേണ്ടി വന്നാൽ സംസ്ഥാന സര്‍ക്കാരിൽ സമ്മര്‍ദ്ദം ചെലുത്തി പ്രദേശത്തേക്കുള്ള റോഡുകളുടെ വികസനം യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍കൈ എടുക്കാമെന്ന് എം.പി റെയിൽവേ അധികൃതര്‍ക്ക് ഉറപ്പ് നൽകി. യോഗ വിവരങ്ങള്‍ ഒരാഴ്ച്ചയ്ക്കകം തന്നെ സതേണ്‍ റെയിൽവേ ജനറൽ മാനേജര്‍ക്ക് സമര്‍പ്പിക്കുമെന്ന് റെയിൽവേ അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് മാസ്റ്റര്‍ പ്ലാനും വിശദീകരിച്ച പ്രൊജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കും.
എറണാകുളം ഗസ്റ്റ് ഹൗസിൽ ഹൈബി ഈഡന്‍ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ റെയിൽവേയെ പ്രതിനിധീകരിച്ച് കണ്‍സ്ട്രക്ഷന്‍
ചീഫ് അഡ്മിനിസ്ടേറ്റീവ് ഓഫീസര്‍ എ.കെ സിന്‍ഹ, കണ്‍സ്ട്രക്ഷന്‍
ചീഫ് എഞ്ചിനീയര്‍ ഷാജി സക്കറിയ, കണ്‍സ്ട്രക്ഷന്‍ അസിസ്റ്റന്‍റ് എഞ്ചിനീയര്‍ ജോര്‍ജ് കുരുവിള, ഏരിയ മാനേജര്‍ നിതിന്‍ നോര്‍ബര്‍ട്ട്, ട്രാഫിക് ഇന്‍സ്പെക്ടര്‍ പീറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ ക്യാപ്ഷൻ : ഹൈബി ഈഡൻ എം പിയുടെ അധ്യക്ഷതയിൽ ചേർന്ന റെയിൽവേ ടെർമിനൽ നിർമ്മാണ ആലോചനായോഗം