കൊച്ചി : ഭൂമി നികത്തൽ മാഫിയ്ക്കെതിരെയും മുദ്രപ്പത്രക്ഷാമ കൊള്ളക്കെതിരെയും നടപടി എടുക്കണമെന്ന് കണയന്നൂർ താലൂക്ക് വികസന സമിതി ആവശ്യപ്പെട്ടു. തൃപ്പൂണിത്തുറയുടെ വിവിധ പ്രദേശങ്ങളായ പുളപ്പേളി തോട് പാടം, നടമ തെക്കുംഭാഗം ഓയിലിന് സമീപം , മിനി ബൈപാസ്, മാരാന ഗേറ്റിന് സമീപം തുടങ്ങിയ സ്ഥലങ്ങളിലാണ് ഏക്കറുകണക്കിന് സ്ഥലങ്ങൾ അനധികൃതമായി നികത്തുന്നത് . പുരയിടം വസ്തു എന്ന പേരിലാണ് നിലം നികത്തൽ. സ്റ്റോപ്പ് മെമ്മോ കൊടുത്ത പ്രദേശങ്ങളിൽ ആറുമാസം കഴിഞ്ഞ് വീണ്ടും നികത്തൽ ഇവിടെ പതിവാണ്. ഇതിനെതിരെ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകി. ഇത്തരത്തിൽ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കിട്ടിയ പരാതികൾക്കെതിരെ അന്വേഷണം നടത്താനും താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. വെഡർമാർ മുദ്രപ്പത്രം പൂഴ്ത്തി വെക്കുന്നതിനാൽ
50 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രങ്ങൾക്ക് ക്ഷാമം ഉണ്ടാകുന്നു എന്ന് സമിതിയിൽ ആരോപണം ഉയർന്നു. സാധാരണക്കാരെ കൊള്ളയടിക്കുന്ന വെൻഡർമാർക്കെതിരെ നടപടിയെടുക്കാൻ രജിസ്ട്രേഷൻ വകുപ്പിന് നിർദ്ദേശം നൽകി.

മഴ സമയത്ത് സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രീപെയ്ഡ് ഓട്ടോ അ ട്രിപ്പ് എടുക്കാത്തതിനെതിരെ നടപടിയെടുക്കാനും സ്കൂൾ വിദ്യാർഥികളെ ബസിൽ കയറ്റാത്ത സ്വകാര്യ ബസ്സുകൾക്കെതിരെ നടപടി എടുക്കാനും ആർ റ്റി ഒ യ്ക്ക് നിർദ്ദേശം നൽകി. പഞ്ചായത്തുതലത്തിൽ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി മാസത്തിൽ അവലോകനയോഗം നടത്താൻ തീരുമാനിച്ചു. ചേരാനല്ലൂർ പോലീസ് കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ കച്ചേരിപ്പടിയിലെ റോഡരികിലിടുന്നത് ഗതാഗത തടസ്സം സൃഷ്ടിക്കുന്നു. കണ്ടെയ്നർ റോഡിൽ കണ്ടെയ്നറുകളുടെ അനധികൃത പാർക്കിംഗ് മൂലം ബസ് സ്റ്റോപ്പ് കാണാൻ പോലും സാധിക്കില്ല . കൂടാതെ നഗരത്തിലെ വഴിയരികിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ നടപടി എടുക്കാനും ഇടപ്പള്ളി ലുലു മാളിൽ വരുന്ന വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നതിനെതിരെ നടപടി എടുക്കാനും പോലീസിന് നിർദ്ദേശം നൽകി.

മണക്കുന്നം പഞ്ചായത്തിൽ കായൽ പുറമ്പോക്കിൽ നടക്കുന്ന അനധികൃത മണൽഖനനവും നിർമ്മാണ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്ന് കളക്ടറുടെ ഉത്തരവ് ഉണ്ടായിട്ടും നടപടിയെടുക്കാത്ത വില്ലേജ് ഓഫീസർക്കെതിരെ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തും. ഗോശ്രീ ജംഗ്ഷനിൽ അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് ആവശ്യമുയർന്നു. സ്ഥലം അളന്ന് കിട്ടാൻ വളരെയധികം കാലതാമസമാണ് സർവ്വേ ഡിപ്പാർട്ട്മെന്റിൽ നിന്ന് ഉണ്ടാകുന്നതെന്നും പരാതി ഉയർന്നു.

പനമ്പുകാട് കഞ്ചാവിന്റെയും മദ്യത്തിനെയും ഉപയോഗം വർദ്ധിക്കുന്നതിനാൽ ഈ ഭാഗങ്ങളിൽ പെട്രോളിന് നടത്താൻ എക്സൈസ് വകുപ്പിന് നിർദ്ദേശം നൽകി. ചേരാനല്ലൂർ പഞ്ചായത്തിൽ ഇലക്ട്രിക് പോസ്റ്റുകൾ നിന്നിരുന്ന പഞ്ചായത്ത് വഴി കയ്യേറി
സ്വകാര്യവ്യക്തി മതിൽ കെട്ടിയതിനെതിരെ ലഭിച്ച പരാതിയിൽ നടപടിയെടുക്കും .

താലൂക്കും പരിസരവും വൃത്തിയാക്കാൻ വികസന സമിതി തീരുമാനിച്ചു. ഇതിന് പുറമേ താലൂക്കിന്റെ കോമ്പൗണ്ടിൽ സ്വകാര്യവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നൽകി. കോന്തുരുത്തി പറവൂർ റൂട്ടിൽ മുടങ്ങിക്കിടന്നിരുന്ന കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി.

കത്രിക്കടവ് തമ്മനം റോഡ് അവസ്ഥ പരിഹരിക്കാൻ ഇതുവരെ നടപടി ആയില്ല എന്ന് ആരോപണമുയർന്നു. കൂടാതെ കത്രിക്കടവിനടുത്ത് ഡിഡി നെസ്റ്റ് ഫ്ളാറ്റിലെ താമസക്കാർ പരിസരവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ നടത്തുന്ന അനധികൃത പാർക്കിനെതിരെ നടപടിയെടുക്കാനും പോലീസിന് നിർദ്ദേശം നൽകി . കളമശ്ശേരി എൻ എ ഡി എ പാലത്തിൽ രാത്രികാലങ്ങളിൽ പോത്തിന്റെ ശല്യം രൂക്ഷമാണെന്നും ഇത് പരിസരവാസികൾക്കും രാത്രി യാത്രയിൽ ചെയ്യുന്നവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി ഉയർന്നു.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ ആന്റണി അധ്യക്ഷത വഹിച്ച കണയന്നൂർ താലൂക്ക് വികസന സമിതി യോഗത്തിൽ തഹസിൽദാർ ഇൻചാർജ് ബീന പി ആനന്ദ്, എൽ ആർ തഹസിൽദാർ ഇൻചാർജ് മുഹമ്മദ് സാബിർ വികസന സമിതി അംഗങ്ങളായ പി.ആർ ബിജു, മനോജ് പെരുമ്പിള്ളി, വിനോദ് സി, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയാ സോമൻ ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ , കെഎസ്ഇബി, പൊലീസ് , വാട്ടർ അതോറിറ്റി, ആർറ്റിഒ, കൊച്ചിൻ കോർപ്പറേഷൻ , കെ എസ് ആർ ടി സി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ: ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം . ആർ ആന്റണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കണയന്നൂർ താലൂക്ക് വികസന സമിതി യോഗം