സേവനങ്ങള്‍ തേടി സമീപിക്കുന്ന പൊതുജനങ്ങളോട് മനുഷ്യത്വപരമായി പെരുമാറാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് നിര്‍ദേശിച്ചു. സര്‍ക്കാരിന്റെ പണമാണ് ശമ്പളമായി സ്വീകരിക്കുന്നതെന്ന ബോധ്യത്തോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കാനും അവരെ സഹോദരങ്ങളായി കാണാനും ഉദ്യോഗസ്ഥര്‍ക്ക് കഴിയണം. ജീവനക്കാര്‍ അന്യരല്ലെന്നും നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍നിന്ന് പെരുമാറാനുള്ള ബാധ്യത അവര്‍ക്കുണ്ടെന്നും മനസിലാക്കി ജനങ്ങള്‍ സഹകരിക്കുകയും ചെയ്താല്‍ ഒരുപാട് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും- അദ്ദേഹം ചൂണ്ടിക്കാട്ടി.
മുരിക്കുംവയല്‍ ശ്രീ ശബരീശ കോളേജ് ഓഡിറ്റോറിയത്തില്‍ കാഞ്ഞിരപ്പള്ളി താലൂക്കിലെ പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് വനാവകാശ രേഖ കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റവന്യൂ, വനം വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് വര്‍ഷങ്ങളായി കൈവശമുള്ള ഭൂമിക്ക് സര്‍ക്കാര്‍ പട്ടയം നല്‍കിയിട്ടുണ്ട്. അഞ്ച് ഏക്കറില്‍ താഴെ ഭൂമിയുള്ളവരുടെ പുരിയിടങ്ങള് തോട്ടങ്ങളായി രേഖകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് സംബന്ധിച്ച പരാതികള്‍ പരിശോധിക്കും.
പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു സ്വാഗതം പറഞ്ഞു. സബ് കളക്ടര്‍ ഈഷ പ്രിയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.ഡിഎഫ്ഒ വൈ. വിജയന് വനാവകാശ നിയമം 2006 വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ കെ. രാജേഷ്, മാഗി ജോസഫ്, ജയേഷ് മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസഫ്, മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. രാജു , ബ്ലോക്ക് പഞ്ചായത്തംഗം പി.ജി വസന്തകുമാരി മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഐറ്റിഡിപി പ്രോജക്ട് ഓഫീസര്‍ എ. റഹീം തുടങ്ങിയവര്‍ പങ്കെടുത്തു.