എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കണ്ടെത്തുന്നതിനായി മുളിയാര്‍ ബോവിക്കാനം ബിഎആര്‍എച്ച്എസ് സ്‌കൂളില്‍ ഇന്നലെ നടത്തിയ പ്രത്യേക മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ പരിശോധിച്ചത് 144 പേരെ. മുളിയാറില്‍ 2017 ഏപ്രില്‍ എട്ടിന് നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പങ്കെടുക്കുവാന്‍ കഴിയാതിരുന്ന 276 പേര്‍ക്കാണ് സ്ലിപ്പ് നല്‍കിയിരുന്നത്. ഇവരില്‍ ക്യാമ്പില്‍ എത്തിയ 144 പേരെയാണ് വിദഗ്ധ ഡോക്ടര്‍മാര്‍ വിശദമായി പരിശോധിച്ചത്. അതേസമയം ഇന്നലെ പുതിയതായി എത്തിയ 84 പേരുടെ രജിസ്‌ട്രേഷനും ക്യാമ്പില്‍ നടത്തി.
സര്‍ജറി, അസ്ഥിരോഗം, ന്യൂറോളജി, ഇ എന്‍ ടി, മനോരോഗം, നേത്രരോഗം , ശിശു രോഗം, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ത്വക്ക് രോഗം എന്നീ 10 വിഭാഗത്തിലെ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ പങ്കെടുത്തവരെ പരിശോധിച്ചത്.
സര്‍ജറി വിഭാഗത്തില്‍ നാല് പേരും അസ്ഥിരോഗ വിഭാഗത്തില്‍ 16 പേരും ന്യൂറോളജി വിഭാഗത്തില്‍ 23 പേരും ഇ എന്‍ ടി വിഭാഗത്തില്‍ 17 പേരും മനോരോഗ വിഭാഗത്തില്‍ 37 പേരും നേത്രരോഗ വിഭാഗത്തില്‍ അഞ്ചു പേരുമാണ് വിദഗ്ധ പരിശോധനയ്ക്ക് വിധേയമായത്. ശിശുരോഗ വിഭാഗത്തില്‍ ഒരാളേയും ജനറല്‍ മെഡിസിനില്‍ 29 പേരേയും ഗൈനക്കോളജി വിഭാഗത്തില്‍ ഏഴു പേരേയും ത്വക്ക് രോഗവിഭാഗത്തില്‍ അഞ്ചുപേരെയും ഡോക്ടര്‍മാര്‍ പരിശോധിച്ചു.
മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കേണ്ടവര്‍ക്കുള്ള സ്ലിപ്പുകള്‍ മുളിയാര്‍ ക്യാമ്പിന്റെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളായ മുളിയാര്‍, ചെങ്കള, ബേഡടുക്ക, ദേലംപാടി,കാറഡുക്ക,മൊഗ്രാല്‍ പുത്തൂര്‍,കുറ്റിക്കോല്‍, മധൂര്‍ എന്നിവിടങ്ങളിലെയും കാസര്‍കോട് മുനിസിപ്പാലിറ്റിയിലെയും ആരോഗ്യ സ്ഥാപനങ്ങള്‍ വഴിയാണ് വിതരണം ചെയ്തത്. ഇത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായവര്‍ക്ക് ക്യാമ്പില്‍ പങ്കെടുപ്പിക്കാന്‍ ഏറെ സഹായകരമായി.
മെഡിക്കല്‍ കോളേജില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നുമുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് ക്യാമ്പില്‍ രോഗികളെ പരിശോധിച്ചത്. ഇന്നലെ വിദഗ്ധ പരിശോധന നടത്തിയ 144 പേരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഭാഗത്തില്‍പ്പെടുത്താന്‍ കഴിയുമെന്ന് (ബയോളജിക്കല്‍ പോസിബിലിറ്റിയുള്ളവരെന്ന്) ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നവരെ ക്കുറിച്ച് ഫീല്‍ഡ് തല അന്വേഷണം നടത്തും. ഈ രണ്ടു റിപ്പോര്‍ട്ടുകളും മൂന്നാം ഘട്ട പരിശോധന നടത്തി ജില്ലാ കളക്ടര്‍ മുഖാന്തിരം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത ബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുള്ള സെല്ലില്‍ സമര്‍പ്പിക്കും. ഈ പട്ടിക സെല്ലില്‍ അംഗീകരിച്ചാല്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
എന്‍ഡോസള്‍ഫാന്‍ സ്‌പെഷല്‍ സെല്‍ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടര്‍ പി.ആര്‍ രാധിക ക്യാമ്പിന് നേതൃത്വം നല്‍കി. ഓരോ വിഭാഗത്തിലും ഒരു ഡോക്ടര്‍, 2 നഴ്‌സ്, ഒരു ആശാ വര്‍ക്കര്‍ എന്നിവര്‍ ഉണ്ടായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ എഫ് എച്ച് സി, കാസര്‍കോട് അര്‍ബന്‍ പി എച്ച് സി,ചെങ്കള പി എച്ച് സി, മുളിയാര്‍ സി എച്ച് സി, മുള്ളേരിയ എഫ് എച്ച് സി, അഡൂര്‍ പി എച്ച് സി എന്നിവിടങ്ങളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ , സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍ , വിവിധ സി എച്ച് സി യിലെ പി ആര്‍ ഒ മാര്‍, ആശാ വര്‍ക്കേഴ്‌സ് , എന്‍ എസ്് എസ് വിദ്യാര്‍ത്ഥികള്‍ ക്യാംപില്‍ പങ്കെടുത്തു. പോലീസിന്റെ സേവനവും ഉണ്ടായിരുന്നു.
