കോതമംഗലം: പ്രളയ ദുരിതത്തിന് ഒരാണ്ട് പിന്നിടുമ്പോൾ അതിജീവന പാതയിൽ മുന്നേറുകയാണ് കോതമംഗലം. കഴിഞ്ഞ ആഗസ്റ്റിലെ പ്രളയം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ വൻ നാശനഷ്ടങ്ങളാണ് വരുത്തി വച്ചത്. കാർഷീക – വ്യവസായിക മേഖലകളിലെല്ലാം പ്രളയം നാശം വിതച്ചു. എന്നാൽ പ്രളയദുരിതത്തിന് ഒരാണ്ട് പിന്നിടുമ്പോൾ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം കൂട്ടായ്മയിലൂടെ ദുരന്തത്തെ നാട് മറികടന്ന് കഴിഞ്ഞു. താലൂക്ക് പരിധിയിലെ വിവിധ വില്ലേജുകളിലായി 124 വീടുകളെയാണ് പ്രളയം പൂർണ്ണമായും തകർത്തത്. കോതമംഗലം – 1, പല്ലാരിമംഗലം-3, കുട്ടമ്പുഴ-11, കടവൂർ – 5, കീരമ്പാറ- 2, കോട്ടപ്പടി – 2, നേര്യമംഗലം-24, തൃക്കാരിയൂർ-1, വാരപ്പെട്ടി എന്നിങ്ങനെയാണ് തകർന്ന വീടുകളുടെ വില്ലേജ് അടിസ്ഥാനത്തിലെ കണക്ക്. ഇതിൽ 4 വീടുകൾ കെയർഹോം പദ്ധതി പ്രകാരവും 15 വീടുകൾ വിവിധ സന്നദ്ധ സംഘടനകളും പൂർത്തീകരിച്ച് കഴിഞ്ഞു. റീബിൽഡ് കേരള പദ്ധതി പ്രകാരം 4 ലക്ഷം രുപ മുടക്കി സർക്കാർ നിർമ്മിക്കുന്ന 51 വീടുകൾ അന്തിമഘട്ടത്തിലുമാണ്. ഇതിൽ 46 വീടുകൾ മുന്നാം ഘട്ടം തുക കൈപറ്റിക്കഴിഞ്ഞു. പുറമ്പോക്ക് ഭൂമിയിൽ താമസിച്ചിരുന്ന അൻപതോളം പേർക്ക് വാരപ്പെട്ടി, കടവൂർ വില്ലേജുകളിലായി ഭവന സമുച്ചയം നിർമ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിൽ കടവൂർ വില്ലേജിൽ 6 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മാണമാരംഭിച്ചിട്ടുണ്ട്. വാരപ്പെട്ടി വില്ലേജിലെ ഒരേക്കർ സ്ഥലത്ത് നിർമ്മിക്കുന്ന ഭവന സമുച്ചയത്തിലേക്ക് മാറാൻ 10 കുടുംബങ്ങൾ മാത്രമാണ് സമ്മത പത്രം നൽകിയത്. മറ്റുള്ളവർ ഇതുവരെയും സമ്മത പത്രം നൽകിയിട്ടില്ല. ഭാഗീകമായി വീടുകൾ നശിച്ച 1289 കുടുംബങ്ങളാണ് താലൂക്കിലുള്ളത്. ഇവരുടെ നഷ്ടത്തിന്റെ കണക്കുകൾ ഉദ്യോഗസ്ഥർ പരിശോധിച്ച് കളക്ട്രേറ്റിലേക്ക് നൽകി. നഷ്ടപരിഹാര തുക ഭൂരി ഭാഗം പേർക്കും ലഭിച്ചു കഴിഞ്ഞു. പ്രളയത്തിന്റെ ഭാഗമായി താലൂക്കിൽ പ്രളയ ബാധിതരായ 20 75 കുടുംബങ്ങൾക്ക് 10000 രുപ വീതം അടിയന്തിര സഹായം നൽകിയിരുന്നു. നേര്യമംഗലം-410, കുട്ടമ്പുഴ-248, കീരമ്പാറ-111, കുട്ടമo ഗലം – 92, കോതമംഗലം – 471, തൃക്കാരിയൂർ- 171, കടവൂർ – 103, പല്ലാരിമംഗലം-179, കോട്ടപ്പടി – 4, പോത്താനിക്കാട് – 35, ഇരമലൂർ – 14, പിണ്ടിമന – 37, വാരപ്പെട്ടി – 200 എന്നിങ്ങനെയാണ് ഇതിന്റെ വില്ലേജ് തിരിച്ചുള്ള കണക്ക്. വിവിധ രേഖകൾ നഷ്ടപ്പെട്ടവർക്കായി താലൂക്ക് തലത്തിൽ നടത്തിയ അദാലത്തിലൂടെ 78 പേർക്ക് രേഖകളും നൽകി. ആന്റണി ജോൺ എം. എൽ.എയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും കൂട്ടായ പ്രവർത്തനമാണ് ഇക്കാര്യത്തിൽ കാഴ്ച വചത്. കൂടാതെ താലൂക്കിൽ കൃഷി നാശം സംഭവിച്ചവർക്കുള്ള നഷ്ടപരിഹാര വിതരണവും അന്തിമഘട്ടത്തിലാണ്. തകർന്ന റോഡുകളുടെ പുനർനിർമ്മാണവും ധ്രുതഗതിയിൽ നടന്ന് കഴിഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ്: പ്രളയത്തിൽ വീട് തകർന്ന കുടുംബത്തിനായി കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്ക് കെയർഹോം പദ്ധതിയിൽ നിർമ്മിച്ച വീട്.