നെടുമ്പാശ്ശേരി: പാറക്കടവ് ബ്ലോക്ക് പരിധിയിലെ മൂന്ന് സർക്കാർ എൽ .പി . സ്കൂളുകൾക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. പ്രളയത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതും അതി ശോചനീയാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന സ്കൂളുകളാണ് പുനർ നിർമ്മിക്കുന്നത്. ഗവ. എൽ.പി. സ്കൂൾ പാറക്കടവ് , ഗവ.എൽ.പി. സ്കൂൾ മള്ളശ്ശേരി, ഗവ എൽ.പി. സ്കൂൾ മാമ്പ്ര എന്നിവിടങ്ങളിൽ അടുത്ത അധ്യയന വർഷം ആരംഭിക്കുക പുതിയ കെട്ടിടത്തിലായിരിക്കും.
പാർലമെന്റ് അംഗങ്ങളുടെ ലോകൽ ഏരിയ ഡവലപ്പ്മെന്റ് പദ്ധതി പ്രകാരമാണ് വിദ്യാലയങ്ങൾ പുനർനിർമ്മിക്കാനുള്ള തുക അനുവദിച്ചത്. പദ്ധതി പ്രകാരം ജില്ലയ്ക്ക് ഏഴ് കോടി 51 ലക്ഷം രൂപയാണ് ലഭിച്ചത്. ഇതിൽ പാറക്കക്കടവ് ബ്ലോക്കിലെ സ്കൂളുകൾക്കായി മൂന്നു കോടി 60 ലക്ഷം രൂപ വിനിയോഗിക്കും.
സ്കൂളുകൾ പൂർണമായും പുനർനിർമ്മിക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. രണ്ടുനിലകളിലായാണ് കെട്ടിടം പണിയുക. ഏഴ് ക്ലാസ്സ് മുറികൾ,
ഹെഡ്മാസ്റ്ററുടെ മുറി, സ്റ്റാഫ് റൂം ഉൾപ്പെട്ട രണ്ടുനിലകളിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ് ലറ്റും പുതിയ കെട്ടിടത്തിലുണ്ടാകും. ഒരു സ്കൂളിൽ ഒരു കോടി 20 ലക്ഷം രൂപയാണ് ചില വാക്കുക.
പാറക്കടവ് സ്കൂൾ പ്രളയത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച സ്കൂളുകളിൽ ഒന്നാണ്. പ്രളയത്തിൽ ഭിത്തികൾ പൊട്ടുകയും സ്കൂൾ ഉപകരണങ്ങൾ നശിക്കുകയും ചെയ്തിരുന്നു. മറ്റ് രണ്ട് സ്കൂളുകളും അതി ശോചനീയാവസ്ഥയിലാണ് പ്രവർത്തിക്കുന്നത്.
ടെണ്ടർ നടപടികൾ പൂർത്തിയായാൽ നിർമ്മാണം ആരംഭിക്കുമെന്ന് പാറക്കടവ് ബ്ലോക്ക് അസി.എക്സി.എഞ്ചിനീയർ പറഞ്ഞു. ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
കാപ്ഷൻ
പാറക്കടവ് ബ്ലോക്കിൽ നിർമ്മിക്കുന്ന പുതിയ സ്കൂൾ കെട്ടിടങ്ങളുടെ മാതൃക.