‘മിഷന്‍ റി-കണക്ട്’ പ്രളയനഷ്ടത്തെ തോല്‍പിച്ചത് മിന്നല്‍ വേഗത്തിലായിരുന്നു. പ്രളയത്തിലുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ കെ എസ്ഇബിയുടെ നേതൃത്വത്തില്‍ നടത്തിയ ഈ പദ്ധതി മാതൃകാപരമായിരുന്നു. പ്രളയം കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വൈദ്യുത ബന്ധം പുനസ്ഥാപിക്കാന്‍ കെഎസ്ഇബി അധികൃതര്‍ക്ക് സാധിച്ചു. തകര്‍ന്ന ട്രാന്‍സ്ഫോര്‍മറുകള്‍, വൈദ്യുത തൂണുകള്‍, ലൈനുകള്‍ തുടങ്ങിയവയ്ക്ക് പകരമായവ അടിയന്തിരമായി എത്തിച്ചാണ് വിതരണവും കണക്ഷനുകളും പുനസ്ഥാപിച്ചത്. ‘മിഷന്‍ റീ-കണക്ടി’ന്റെ ഭാഗമായി ഒറ്റക്കെട്ടായിറങ്ങിയ ജീവനക്കാര്‍ക്കൊപ്പം വിവിധ സംഘടനകളും സന്നദ്ധപ്രവര്‍ത്തകരും നാട്ടുകാരും പങ്കുചേര്‍ന്നതോടെ സമാനതകളില്ലാത്ത ജനമുന്നേറ്റമായിരുന്നു ഈ രംഗത്തുണ്ടായത്.
കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോല മലയില്‍ 2018 ജൂണ്‍ 14നുണ്ടായ ഉരുള്‍പൊട്ടലിലും ആഗസ്റ്റ് മാസത്തില്‍ ജില്ലയിലുണ്ടായ പ്രളയത്തിലും വന്‍ നാശനഷ്ടമാണ് വൈദ്യുത മേഖലയിലുണ്ടായത്. വൈദ്യുതതൂണുകള്‍, ട്രാന്‍സ്ഫോര്‍മറുകള്‍, ഗാര്‍ഹിക കണക്ഷനുകള്‍, ലൈനുകള്‍ തുടങ്ങിയവ തകര്‍ന്നതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. എന്നാല്‍ പ്രളയക്കെടുതിയില്‍ പകച്ചു നില്‍ക്കാതെ 2018 ആഗസ്റ്റ് 21നകം തന്നെ തകരാറുകള്‍ പരിഹരിക്കാന്‍ കെഎസ്ഇബിയുടെ ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനങ്ങള്‍ കൊണ്ടാണ് കഴിഞ്ഞത്.
ജില്ലയില്‍ 9 വൈദ്യുത കണക്ഷനുകളാണ് പൂര്‍ണമായും നശിച്ചത്. കരിഞ്ചോലമലയിലെ ഉരുള്‍പൊട്ടലില്‍ കെഎസ്ഇബി താമരശേരി സെക്ഷനില്‍ അഞ്ചും മാവൂര്‍, വെസ്റ്റ്ഹില്‍ എന്നി സെക്ഷനുകളില്‍ രണ്ടുവീതം ഗാര്‍ഹിക കണക്ഷനുകളുമാണ് പൂര്‍ണമായും നശിച്ചത്. വീടുകള്‍ക്കുള്ളിലെ വയറിംഗും സ്വിച്ച് ബോര്‍ഡുകളുമടക്കം തകര്‍ന്ന അവസ്ഥയായിരുന്നു. മെയിന്‍ സ്വിച്ച്, പ്ലഗ് പോയിന്റുകള്‍ തുടങ്ങിയ അത്യാവശ്യം വേണ്ട പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച്, 27,000 രൂപ ചെലവഴിച്ചാണ് കണക്ഷനുകള്‍ പുനസ്ഥാപിച്ചത്.
9,370 കണക്ഷനുകളെയാണ് ജില്ലയില്‍ പ്രളയം ബാധിച്ചത്. വെള്ളമിറങ്ങിയിട്ടും 4,400 കണക്ഷനുകളുടെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കെഎസ്ഇബി ജീവനക്കാരും ജീവനക്കാരുടെ സംഘടന പ്രവര്‍ത്തകര്‍, വയര്‍മെന്‍ അസോസിയേഷന്‍, കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍, പെന്‍ഷനേഴ്സ് അസോസിയേഷന്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണത്തോടെ വീടുകളില്‍ നേരിട്ടെത്തി തകരാര്‍ കണ്ടെത്തിയാണ് 3,450 വീടുകളിലെ തകരാര്‍ പരിഹരിച്ചത്. മാറ്റിവെക്കേണ്ട ഉപകരണങ്ങള്‍ സംഘടനകളുടെ ചെലവില്‍ മാറ്റി വെച്ചാണ് വൈദ്യുതബന്ധം പുനസ്ഥാപിച്ചത്. മരങ്ങളും മറ്റും വീണ് സര്‍വീസ് വയര്‍ വിട്ടു പോകല്‍ തുടങ്ങിയവ കാരണം തകരാറിലായ അവശേഷിച്ച 950 കണക്ഷനുകളും പിന്നീട് പരിഹരിച്ചു. ലഭിച്ച പരാതികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സമയബന്ധിതമായി തന്നെ പരിഹരിക്കാന്‍ കഴിഞ്ഞു. ആഗസ്റ്റ് 21 നുള്ളില്‍ തന്നെ പ്രളയക്കെടുതിയിലെ മുഴുവന്‍ പരാതികളും പരിഹരിക്കാന്‍ കഴിഞ്ഞിരുന്നതായി കെഎസ്ഇബി കോഴിക്കോട് സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍ ബോസ് ജേക്കബ് പറഞ്ഞു.
മരം വീണും വെള്ളം കയറിയും മരങ്ങളും മറ്റും പൊട്ടിവീണതിനെ തുടര്‍ന്ന് താഴെ വീണ് തകര്‍ന്നും 11 ട്രാന്‍സ്ഫോര്‍മറുകളാണ് ജില്ലയില്‍ നശിച്ചത്. 11 ലക്ഷം ചെലവഴിച്ച് 11 എണ്ണവും സമയബന്ധിതമായി മാറ്റിവെച്ച് വൈദ്യുത വിതരണം പുനസ്ഥാപിച്ചു. കോഴിക്കോട് സര്‍ക്കിളില്‍ 40.06 കി.മീറ്ററും വടകര സര്‍ക്കിളില്‍ 7.55 കി. മീറ്ററുമായി 47.61 കി.മീറ്റര്‍ വൈദ്യുതി ലൈനുകളാണ് തകരാറിലായത്. 23.80 ലക്ഷം ചെലവഴിച്ചാണ് ലൈനുകള്‍ മാറ്റി സ്ഥാപിച്ചത്. കോഴിക്കോട് സര്‍ക്കിളിലെ 451ഉം വടകരയിലെ 318 മടക്കം 769 വൈദ്യുത തൂണുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇത് പുനസ്ഥാപിക്കുന്നതിന് 30.76 ലക്ഷമാണ് ചെലവഴിച്ചത്.